Skip to main content

നിയമസഭ കയ്യാങ്കളി കേസില്‍ വിചാരണ നേരിടണമെന്ന് സുപ്രീം കോടതി ഉത്തരവിട്ട സാഹചര്യത്തില്‍ മന്ത്രി വി. ശിവന്‍കുട്ടിയെ മുഖ്യമന്ത്രി സംരക്ഷിക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍. സുപ്രീം കോടതി വിധിയെ അവഹേളിച്ചാണ് മുഖ്യമന്ത്രി നിയമസഭയില്‍ പ്രസംഗിച്ചത്.

പ്രസംഗത്തിന്റെ ആമുഖത്തിലും അവസാനത്തിലും വിധിയെ സ്വാഗതം ചെയ്യുകയും മറ്റുള്ള സ്ഥലത്തൊക്കെ കോടതി നിഗമനങ്ങളെ അവഹേളിക്കുകയുമാണ് മുഖ്യമന്ത്രി ചെയ്തത്. രാജ്യത്തെ പരമോന്നത കോടതിയുടെ ഉത്തരവിനെ അവഹേളിച്ച മുഖ്യമന്ത്രിയുടെ നിലപാട് അംഗീകരിക്കാനാകില്ലെന്ന് പ്രതിപക്ഷ നേതാവ് പറഞ്ഞു. ശിവന്‍കുട്ടിയെ മന്ത്രിസഭയില്‍ നിന്ന് പുറത്താക്കാന്‍ മുഖ്യമന്ത്രി തയാറാകാത്തതില്‍ പ്രതിഷേധിച്ച് സഭാ നടപടികള്‍ ബഹിഷ്‌ക്കരിച്ച ശേഷം നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു പ്രതിപക്ഷ നേതാവ്

കേരള ചരിത്രത്തില്‍ ആര്‍. ബാലകൃഷ്ണപിള്ള ഒഴികെ മറ്റെല്ലാ മന്ത്രിമാരും രാജിവച്ചത് കോടതി പരാമര്‍ശങ്ങളുടെ മാത്രം പേരിലാണ്. രാജന്‍ കേസിലെ പരാമര്‍ശത്തെ തുടര്‍ന്നാണ് കെ. കരുണാകരന്‍ മുഖ്യമന്ത്രി സ്ഥാനം രാജിവച്ചത്. ഇടത് മന്ത്രിസഭയിലുണ്ടായിരുന്ന കെ.ടി ജലീല്‍, തോമസ് ചാണ്ടി എന്നിവരുടെ രാജിയും കോടതി പരാമര്‍ശത്തിന്റെ പേരിലാണ്. എഫ്.ഐ.ആറില്‍ പേര് വന്നതിന്റെ പേരിലാണ് കെ.എം മാണി രാജി വയ്ക്കണമെന്ന് അന്നത്തെ പ്രതിപക്ഷം ആവശ്യപ്പെട്ടത്. കേടതി പരാമര്‍ശത്തേക്കാള്‍ ഗുരുതരമാണ് മന്ത്രി വിചാരണ നേരിടണമെന്ന ഉത്തരവ്. ശിവകുട്ടി മന്ത്രി സ്ഥാനം രാജിവയ്ക്കണമെന്ന യു.ഡി.എഫ് നിലപാടില്‍ മാറ്റമില്ല. സമരം സഭയ്ക്ക് പുറത്തേക്കും വ്യാപിപ്പിക്കും. അടുത്തയാഴ്ച സഭയില്‍ സ്വീകരിക്കേണ്ട നിലപാട് യു.ഡി.എഫ് നേതൃത്വം ആലോചിച്ച് തീരുമാനിക്കുമെന്നും സതീശന്‍.