Skip to main content

രാമായണ പ്രഭാഷണ പരമ്പര സംഘടിപ്പിച്ച് സി.പി.ഐ മലപ്പുറം ജില്ലാ കമ്മിറ്റി. രാമായണത്തിന്റെ എല്ലാ വശങ്ങളെയും കുറിച്ചുള്ള പ്രഭാഷണ പരമ്പര മലപ്പുറം ജില്ലാ കമ്മിറ്റിയുടെ ഫെയ്സ്ബുക്ക് പേജിലൂടെയാണ് നടത്തുന്നത്. രാമായണം പൊതു സ്വത്താണെന്നും അത് സ്വന്തമാക്കാനുള്ള സംഘപരിവാറിന്റെ ശ്രമത്തിനെതിരെയുള്ള ബോധവത്കരണമാണ് പ്രഭാഷണ പരമ്പരയുടെ ലക്ഷ്യമെന്ന് സി.പി.ഐ. ജില്ലാ സെക്രട്ടറി പി.കെ. കൃഷ്ണദാസ് പറഞ്ഞു.

മനുഷ്യനും പ്രകൃതിക്കും വേണ്ടിയാണ് രാമായണം നിലകൊള്ളുന്നത്. അതിനാല്‍ മാര്‍ക്‌സിസവുമായേ രാമായണത്തിന് ബന്ധമുള്ളൂവെന്ന് 'രാമായണത്തിലെ രാഷ്ട്രീയം' എന്ന വിഷയത്തെ കുറിച്ച് പ്രഭാഷണം നടത്തിയ അഡ്വ. എം. കേശവന്‍നായര്‍ പറഞ്ഞു. രാമന്റെ പിതാവ് ദശരഥ മഹാരാജാവിന്റെ ഉത്തമ സുഹൃത്തായിരുന്നു ഗുഹന്‍ എന്ന ആദിവാസി നേതാവ്. എന്നാല്‍ രാമനെ വാഴ്ത്തുകയാണെന്നു പറഞ്ഞു നടക്കുന്നവരുടെ ഭരണത്തില്‍ ആദിവാസികള്‍ ദുരിതമനുഭവിക്കുകയാണെന്നും സി.പി.ഐ. നേതാവ് അജിത് കൊളാടി പറഞ്ഞു.

മുന്‍ മന്ത്രി മുല്ലക്കര രത്‌നാകരന്‍, ആലങ്കോട് ലീലാകൃഷ്ണന്‍, എം.എം.സചീന്ദ്രന്‍, എം.കേശവന്‍ നായര്‍, എ.പി.അഹമ്മദ് എന്നിവരും പ്രഭാഷണങ്ങള്‍ നടത്തി. എഴുത്തിന്റെ രാമായണം എന്ന വിഷയത്തില്‍ കെ.പി.രാമനുണ്ണി ഇന്ന് പ്രഭാഷണം നടത്തും. വൈകിട്ട് 7ന് സി.പി.ഐ ജില്ലാ കമ്മിറ്റിയുടെ ഫെയ്‌സ്ബുക് പേജിലൂടെ പ്രഭാഷണം ലൈവായി കാണാം.