Skip to main content

ഇന്ത്യന്‍ സംസ്ഥാനങ്ങളില്‍ കൊവിഡ് പ്രതിരോധം ഏറ്റവും മികച്ച രീതിയില്‍ നടക്കുന്നത് കേരളത്തിലെന്ന് പ്രശസ്ത വൈറോളജിസ്റ്റ് പ്രൊഫസര്‍ ഗഗന്‍ദീപ് കാങ്. കൊവിഡ് വിഷയത്തില്‍ കേരളത്തെ കുറിച്ച് ഉത്കണ്ഠപ്പെടേണ്ടതില്ലെന്നും മറ്റ് സംസ്ഥാനങ്ങള്‍ക്ക് കേരളം ഒരു മാതൃകയാണെന്നും ഗഗന്‍ദീപ് ദി വയര്‍ അഭിമുഖത്തില്‍ കരണ്‍ ഥാപ്പറിനോട് പറഞ്ഞു.

എത്രപേരില്‍ കൊവിഡ് വന്നിട്ടുണ്ടാകും എന്ന് കണക്കാക്കുന്ന ദേശീയ സീറോ സര്‍വേയുടെ ഫലത്തില്‍ ഏറ്റവും കുറവ് കേരളത്തിലാണ് രേഖപ്പെടുത്തിയിരിക്കുന്നത് (44 ശതമാനം). ദേശീയ ശരാശരി 67.6 ശതമാനമാണ്. മധ്യപ്രദേശിലാണ് (75.9 ശതമാനം) ഏറ്റവും കൂടുതല്‍ ഉള്ളത്. കൊവിഡ് ബാധയില്‍ നിന്നും ജനങ്ങളെ സംരക്ഷിക്കുന്നതില്‍ മികച്ച പ്രവര്‍ത്തനം കാഴ്ചവെച്ചത് കൊണ്ടാണ് സീറോ സര്‍വ്വേ ഫലത്തില്‍ കേരളത്തിന്റെ ശതമാനം കുറഞ്ഞിരിക്കുന്നതെന്ന് ഗഗന്‍ദീപ് കാങ്ങ്അഭിപ്രായപ്പെട്ടു.

ഒരു ദിവസം ശരാശരി ഒരു ലക്ഷത്തി നാല്‍പ്പതിനായിരം ടെസ്റ്റുകളാണ് കേരളത്തില്‍ നടത്തുന്നത്. ഇന്നലെ 1,96,000 ടെസ്റ്റുകള്‍ കേരളത്തില്‍ നടന്നിരുന്നു. കേരളത്തെക്കാള്‍ മൂന്നിരട്ടി ജനസംഖ്യയുള്ള പശ്ചിമ ബംഗാളില്‍ ദിവസവും 50,000 ടെസ്റ്റുകള്‍ മാത്രമാണ് നടക്കുന്നത്. പോസിറ്റീവ് നിരക്ക് കൂടുതലുള്ള ഭാഗങ്ങളിലാണ് കേരളം കൂടുതല്‍ ടെസ്റ്റുകള്‍ നടത്തുന്നത്. കൂടുതല്‍ ടെസ്റ്റുകള്‍ നടത്തുക മാത്രമല്ല മികച്ച രീതിയില്‍ അത് നടത്തുന്നത് കൊണ്ടാണ് കേരളം മറ്റ് സംസ്ഥാനങ്ങള്‍ക്ക് മാതൃകയാകുന്നത്.

ദേശീയ ശരാശരിയേക്കാള്‍ വാക്‌സിന്‍ എടുത്തവരുടെ നിരക്കിലും കേരളം മുന്‍പിലാണ്. ഒരു ഡോസെങ്കിലും വാക്‌സിന്‍ കിട്ടിയവരില്‍ ദേശീയ ശരാശരി 25% ആണെങ്കില്‍ കേരളത്തില്‍ 38 ശതമാനമാണ്. അതായത് വാക്‌സിന്റെ തോതുകൂടി കണക്കാക്കിയാല്‍ കേരളത്തില്‍ കൊവിഡ് വന്നവരുടെ തോത് സര്‍വേയില്‍ കണ്ടതിലും കുറവാണ്. കൊവിഡ് ബാധയില്‍ നിന്നും ജനങ്ങളെ സംരക്ഷിക്കുന്നതിന് പുറമെ വാക്്‌സിനേഷന്‍ ലഭ്യമാക്കുന്നതിലും മറ്റ് സംസ്ഥാനങ്ങളേക്കാള്‍ കേരളം ഏറെ മുന്നിലാണെന്നും കാങ് പറഞ്ഞു.