Skip to main content

നിയമസഭാ കയ്യാങ്കളിക്കേസ് പിന്‍വലിക്കാന്‍ സുപ്രീംകോടതിയെ സമീപിച്ചതിനെ ന്യായീകരിച്ച് മുഖ്യമന്ത്രി. കേസ് പിന്‍വലിക്കാനുള്ള തീരുമാനത്തില്‍ തെറ്റില്ല. ചില സാഹചര്യങ്ങളില്‍ കേസ് പിന്‍വലിക്കാം. കേസില്‍ വിചാരണ നേരിടാന്‍ സുപ്രീംകോടതി വിധിവന്ന സാഹചര്യത്തില്‍ മന്ത്രി വി.ശിവന്‍കുട്ടി രാജിവയ്ക്കേണ്ട കാര്യമില്ലെന്നും മുഖ്യമന്ത്രി നിയമസഭയില്‍ പറഞ്ഞു. വി ശിവന്‍കുട്ടി ഇന്ന് സഭയില്‍ എത്തിയില്ല. അനാരോഗ്യം ചൂണ്ടിക്കാട്ടിയാണ് മന്ത്രി എത്താതിരുന്നത്. അടിയന്തര പ്രമേയത്തിന് അനുമതി നിഷേധിച്ചതിനെ തുടര്‍ന്ന് പ്രതിപക്ഷം പിന്നീട് സഭ ബഹിഷ്‌കരിച്ച് ഇറങ്ങിപ്പോയി.

അടിയന്തര പ്രമേയം അവതരിപ്പിച്ചുകൊണ്ട് പി.ടി തോമസ് സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനം ആണ് ഉന്നയിച്ചത്. വിചാരണകോടതി വിധി മുതല്‍  സുപ്രീം കോടതി വരെയുള്ള വിധിയില്‍ ഏറ്റവും കൂടുതല്‍ സന്തോഷിക്കുന്നത് കെ.എം മാണിയുടെ ആത്മാവായിരിക്കും ആന കരിമ്പില്‍ കാട്ടില്‍ കയറിയെന്ന വി. ശിവന്‍കുട്ടി സഭയില്‍ കയറിയെന്ന് തിരുത്തിപ്പറയണം. ശിവന്‍കുട്ടിയെ പോലെ ഒരാള്‍ക്ക് കേരളത്തിന്റെ വിദ്യാഭ്യാസ വകുപ്പിന്റെ നേതൃത്വം ഏറ്റെടുക്കാനാകുമോയെന്നും പി.ടി തോമസ് ചോദിച്ചു. വി. ശിവന്‍കുട്ടിയെ പോലെ ഒരാള്‍ വിദ്യാഭ്യാസ മന്ത്രിയുടെ സ്ഥാനത്തിരിക്കുന്നത് എത്രമാത്രം ഗുണകരണമാകുമെന്ന ചോദ്യം പി.ടി തോമസ് ഉന്നയിച്ചു. 

അടിയന്തര പ്രമേയം സംബന്ധിച്ച് ആദ്യം വിശദീകരണം നടത്തിയത് മുഖ്യമന്ത്രിയാണ്. ഈ കേസ് പിന്‍വലിക്കാനുള്ള സര്‍ക്കാര്‍ തീരുമാനത്തില്‍ നിയമ വിരുദ്ധമായൊന്നുമില്ല. അതുതന്നെ സര്‍ക്കാരിന് ലഭിച്ച അപേക്ഷയുടെ അടിസ്ഥാനത്തില്‍ പരിശോധന നടത്തുകയും  കേസ് പിന്‍വലിക്കാന്‍ സര്‍ക്കാരിന് എതിര്‍പ്പില്ലെന്ന് ജില്ലാകളക്ടര്‍മാരെ അറിയിക്കുകയും ചെയ്തു. അതിന്റെ അടിസ്ഥാനത്തിലാണ് പബ്ലിക്ക് പ്രോസിക്യൂട്ടര്‍ കേസ് പിന്‍വലിക്കാനുള്ള അപേക്ഷ നല്‍കിയത്. വിചാരണ കോടതി ഇതുപക്ഷേ അംഗീകരിച്ചില്ല. തുടര്‍ന്ന് ഹൈക്കോടതിയിലും സുപ്രീം കോടതിയിലും കേസ് ഫയല്‍ ചെയ്തു.  അതില്‍ ഒരു തെറ്റുമില്ലെന്ന് മുഖ്യമന്ത്രി വിശദീകരിച്ചു. കേസ് പിന്‍വലിക്കാന്‍ സര്‍ക്കാര്‍ എടുത്ത നടപടി ഒരു തരത്തിലും നിയമവിരുദ്ധമല്ല. സര്‍ക്കാര്‍ നടപടിയെ അസാധാരണമായി കാണാനും ആകില്ല.