Skip to main content

കൊവിഡ് വ്യാപനത്തില്‍ കേരളത്തെ വിമര്‍ശിച്ച് കേന്ദ്ര ആരോഗ്യമന്ത്രാലയം. കേന്ദ്ര ആരോഗ്യ സെക്രട്ടറി കേരളത്തിന് അയച്ച കത്തിലാണ് വിമര്‍ശനം. ആളുകള്‍ കൂട്ടം കൂടുന്നിടങ്ങളില്‍ കൊവിഡ് മാര്‍ഗനിര്‍ദേശങ്ങള്‍ പാലിക്കുന്നുണ്ടെന്ന് കേരളം കര്‍ശനമായി ഉറപ്പാക്കണം. കേരളം കൂടുതല്‍ ജാഗ്രത പുലര്‍ത്തണമെന്നാണ് ജൂലൈ ആദ്യവാരം കേരളം സന്ദര്‍ശിച്ച കേന്ദ്ര സംഘത്തിന്റെ റിപ്പോര്‍ട്ട് വ്യക്തമാക്കുന്നത്. പ്രതിവാര കേസുകളും മരണ നിരക്കും കര്‍ശനമായി നിരീക്ഷിക്കണമെന്നും കത്തില്‍ ആരോഗ്യസെക്രട്ടറി പറഞ്ഞു. 

കൊവിഡ് കേസുകള്‍ കൂടുന്ന സാഹചര്യത്തില്‍ കേരളത്തിലേക്ക് വീണ്ടും വിദഗ്ധ സംഘത്തെ അയക്കാനുള്ള തീരുമാനത്തിലാണ് ആരോഗ്യമന്ത്രാലയം. പകര്‍ച്ചവ്യാധി വിദ്ഗധര്‍ ഉള്‍പ്പടെയുള്ളവര്‍ അടങ്ങുന്ന സംഘമാകും കേരളത്തിലെത്തുക. കേന്ദ്ര ആഭ്യന്തരമന്ത്രാലയ പ്രതിനിധികള്‍ കേരളത്തിലെയും മഹാരാഷ്ട്രയിലേയും ചീഫ് സെക്രട്ടറിമാരെ കാണാനും തീരുമാനിച്ചിട്ടുണ്ട്.

രാജ്യത്ത് ഇന്നലെ മുപ്പതിനായിരത്തില്‍ താഴെയെത്തിയ കൊവിഡ് രോഗികളുടെ പ്രതിദിന കണക്ക് ഇന്ന് പുറത്ത് വന്നപ്പോള്‍ 43,654 ആയിരുന്നു. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 1.73 ശതമാനത്തില്‍ നിന്ന് 2.51 ശതമാനത്തിലെത്തി. ഒടുവില്‍ പുറത്ത് വന്ന പ്രതിദിന കണക്കില്‍ 50 ശതമാനവും കേരളത്തില്‍ നിന്നാണ്.