Skip to main content

മുട്ടില്‍ മരംമുറി കേസിലെ മുഖ്യ പ്രതികളായ മൂന്ന് പേരെയും അറസ്റ്റ് ചെയ്തു. പ്രതികളെ അറസ്റ്റ് ചെയ്‌തെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചു. മരം മുറിക്കേസിലെ മുഖ്യ സൂത്രധാരന്‍ റോജി അഗസ്റ്റിനും സഹോദരങ്ങളായ ആന്റോ അഗസ്റ്റിന്‍, ജോസുകുട്ടി അഗസ്റ്റിന്‍ എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.

ഇവരുടെ അമ്മ ഇന്ന് പുലര്‍ച്ചെയാണ് മരിച്ചത്. അമ്മയുടെ സംസ്‌കാര ചടങ്ങുകള്‍ കഴിയുന്നത് വരെ അറസ്റ്റ് തടയണമെന്നാവശ്യപ്പെട്ട് മൂന്ന് പ്രതികളും ഇന്ന് ഹൈക്കോടതിയെ സമീപിച്ചിരുന്നു. ഇതിന് പിന്നാലെയാണ് പ്രതികളെ അറസ്റ്റ് ചെയ്തുവെന്ന വിവരം പോലീസ് കോടതിയെ അറിയിക്കുന്നത്. സംസ്‌കാരചടങ്ങുകളില്‍ പങ്കെടുക്കാന്‍ പ്രതികള്‍ക്ക് സൗകര്യമൊരുക്കുമെന്നും പോലീസ് കോടതിയെ അറിയിച്ചിട്ടുണ്ട്. 

അറസ്റ്റ് നടപടികള്‍ വൈകുന്നതില്‍ കഴിഞ്ഞ ദിവസം ഹൈക്കോടതിയില്‍ നിന്ന് സര്‍ക്കാരിന് രൂക്ഷ വിമര്‍ശനമേറ്റതിന് പിന്നാലെയാണ് അറസ്റ്റ് നടപടികള്‍ തുടങ്ങിയത്. മരം മുറിയുമായി ബന്ധപ്പെട്ട് 701 കേസുകള്‍ റജിസ്റ്റര്‍ ചെയ്തിട്ടും ഒരാളെ പോലും അറസ്റ്റ് ചെയ്യാത്തത് എന്തുകൊണ്ടാണെന്നായിരുന്നു കോടതിയുടെ ചോദ്യം. മരംമുറിയില്‍ ഇതുവരെ ആരെയും അറസ്റ്റ് ചെയ്യാത്തത് സര്‍ക്കാരിന്റെ നിഷ്‌ക്രിയത്വം ആണെന്നും ഹൈക്കോടതിയുടെ വിമര്‍ശിച്ചിരുന്നു.