Skip to main content

ശബരിമലയിലെ പുതിയ മേല്‍ശാന്തി നിയമനത്തിന് മലയാളി ബ്രാഹ്‌മണരെ ക്ഷണിച്ചു കൊണ്ടുള്ള ദേവസ്വം ബോര്‍ഡ് തീരുമാനം തിരുത്തിയില്ലെങ്കില്‍ ബി.ഡി.ജെ.എസ് പ്രക്ഷോഭത്തിലേക്കെന്ന് പാര്‍ട്ടി അധ്യക്ഷന്‍ തുഷാര്‍ വെള്ളാപ്പള്ളി. പരമ്പരാഗത രീതിയില്‍ തന്ത്ര മന്ത്ര വിദ്യ സ്വായത്തമാക്കിയവരെ പുറത്തു നിര്‍ത്തി ഹിന്ദു സമൂഹത്തിലെ ജാതി വിവേചനത്തിനു വെള്ളവും വളവും നല്‍കുന്ന കാഴ്ചയാണ് 'ശബരിമല മേല്‍ശാന്തി' നിയമനത്തിലൂടെ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് മുന്നോട്ട് വയ്ക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

ഈഴവനായ തന്ത്രി പ്രതിഷ്ഠ നടത്തിയ ക്ഷേത്രത്തില്‍ ശാന്തിയായിരിക്കുന്ന ബ്രഹ്‌മണനു മേല്‍ശാന്തിയായി നിയമനം ലഭിക്കുമ്പോള്‍ തന്നെ ആ പ്രതിഷ്ഠ നിര്‍വ്വഹിച്ച തന്ത്രി മുഖ്യനു പോലും ജാതിയുടെ പേരില്‍ ഈ മേല്‍ശാന്തി നിയമനത്തില്‍ അയിത്തം കല്പിക്കപ്പെടുന്നത് കടുത്ത വിരോധാഭസവും മനുഷ്യാവകാശ ലംഘനവുമാണെന്നും തുഷാര്‍ വെള്ളാപ്പള്ളി അഭിപ്രായപ്പെട്ടു.

ഭരണഘടനാ വിരുദ്ധമായ ജാതിവ്യവസ്ഥകള്‍ എഴുതിച്ചേര്‍ത്താണ് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് ശബരിമല മേല്‍ശാന്തി നിയമനം നടത്തുന്നതെന്നും തുഷാര്‍ വെള്ളാപ്പള്ളി പറഞ്ഞു. ബ്രാഹ്‌മണനല്ലെന്നതിന്റെ പേരില്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് തിരസ്‌കരിക്കുന്ന അപേക്ഷകളില്‍ ശിവഗിരി മഠത്തിന്റെ വിവിധ ക്ഷേത്രങ്ങളില്‍ വര്‍ഷങ്ങളായി ശാന്തി ജോലി നിര്‍വ്വഹിച്ചു വരുന്ന നിരവധി പേരുണ്ട്. ശിവഗിരി മഠത്തിന്റെ പരിചയ സമ്പന്നതയെ അപമാനിക്കുന്നതാണ് ദേവസ്വം ബോര്‍ഡിന്റെ ഈ നിലപാടെന്നും തുഷാര്‍ വെള്ളാപ്പള്ളി പറഞ്ഞു.

ദേവസ്വം വകുപ്പ് മന്ത്രിയായി ഒരു ദളിതനെ നിയമിച്ചതില്‍ അഭിമാനം കൊള്ളുകയും അഭിനന്ദനങ്ങള്‍ ഏറ്റവാങ്ങുകയും അത് നവോത്ഥാനത്തിന്റെ തുടര്‍ച്ചയാണ് എന്നും പ്രഖ്യാപിക്കുകയും ചെയ്ത ഒരു സര്‍ക്കാറാണ് ഇപ്പോള്‍ കേരളത്തിലുള്ളത്. എന്നാല്‍ ദേവസ്വം ബോര്‍ഡിന്റെ മേല്‍ശാന്തി നിയമനത്തിലെ ഈ സാമൂഹ്യ നീതി നിഷേധത്തിനെതിരെ കണ്ണടയ്ക്കുകയാണ് സര്‍ക്കാര്‍ ചെയ്യുന്നത്. ഇത് പിന്നാക്ക ദളിത് വിഭാഗങ്ങളോടുള്ള അവഗണനയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.