Skip to main content

കരുവന്നൂര്‍ സഹകരണ ബാങ്ക് തട്ടിപ്പ് കേസില്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അന്വേഷണം. സര്‍ക്കാര്‍ കണക്ക് പ്രകാരം 104 കോടി രൂപയുടെ തട്ടിപ്പ് നടന്നെന്ന് വ്യക്തമായ സാഹചര്യത്തിലാണ് കേസ് ഇ.ഡി. അന്വേഷിക്കാന്‍ തീരുമാനിച്ചത്. 300 കോടിയിലധികം രൂപയുടെ ക്രമക്കേടും ബാങ്കില്‍ നടന്നതായാണ് പ്രാഥമിക അന്വേഷണത്തില്‍ വ്യക്തമായിരിക്കുന്നത്. കരുവന്നൂര്‍ ബാങ്കില്‍ നടന്ന സാമ്പത്തിക ക്രമക്കേടുമായി ബന്ധപ്പെട്ട വ്യക്തികളെ കണ്ടെത്തുകയും പണം ഇടപാടുകളുടെ വിശദാംശങ്ങള്‍ പരിശോധിക്കുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെയാണ് ഇ.ഡി. അന്വേഷണം ഏറ്റെടുത്തിരിക്കുന്നത്.

കരുവന്നൂര്‍ സര്‍വീസ് സഹകരണബാങ്കില്‍ നടന്നത് ആയിരം കോടിയുടെ തിരിമറിയാണെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. ബാങ്കിന്റെ പേര് ഉപയോഗപ്പെടുത്തിയുള്ള റിസോര്‍ട്ട് നിര്‍മാണം, ഇതിലേക്ക് വിദേശത്തുനിന്നുള്‍പ്പെടെയെത്തിയ ഭീമമായ നിക്ഷേപം, ബിനാമി ഇടപാടുകള്‍, നിക്ഷേപങ്ങളുടെ പലിശ കൂട്ടിക്കൊടുത്തുള്ള തട്ടിപ്പ് ഇല്ലാത്ത ഭൂമി ഈടുവെച്ചുള്ള കോടികളുടെ വായ്പ തുടങ്ങിയവയെല്ലാം തട്ടിപ്പിന്റെ ഭാഗമായിരുന്നു.  

കേസുമായി ബന്ധപ്പെട്ട് ഇ.ഡി പ്രാഥമിക വിവരശേഖരണം ആരംഭിച്ചതായാണ് റിപ്പോര്‍ട്ട്. തുടര്‍ന്ന് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണത്തിലേക്ക് ഇ.ഡി. കടക്കും. കേസുമായി ബന്ധപ്പെട്ട് നിലവില്‍ ക്രൈംബ്രാഞ്ച് പ്രതിചേര്‍ത്തിട്ടുള്ള ബാങ്ക് ജീവനക്കാരും പ്രസിഡന്റും അടക്കമുള്ളവരെ ഇ.ഡിയും പ്രതിചേര്‍ത്തേക്കും. കുറ്റകൃത്യത്തിന്റെ ഭാഗമായ പണസമ്പാദനം, കള്ളപ്പണം വെളുപ്പിക്കല്‍ തുടങ്ങിയവ അടക്കമുള്ള കാര്യങ്ങള്‍ അന്വേഷണത്തിന്റെ പരിധിയില്‍ വരും.