106ാം വയസില്‍ നാലാം ക്ലാസ് തുല്യതാ പരീക്ഷ പാസായ ഭാഗീരഥിയമ്മ അന്തരിച്ചു. വാര്‍ധക്യ സഹജ അസുഖങ്ങളെ തുടര്‍ന്ന് വ്യാഴാഴ്ച അര്‍ദ്ധ രാത്രിയോടെയായിരുന്നു മരണം. തുല്യത പരീക്ഷയിലെ വിജയത്തിലൂടെ ഭാഗീരഥിയമ്മ കേരളത്തിന്റെ മാത്രമല്ല ദേശീയ ശ്രദ്ധയും നേടിയിരുന്നു. ഭാഗീരഥിയമ്മയുടെ നേട്ടത്തെ പ്രധാനമന്ത്രി നരേന്ദ്ര മോദിയും പ്രശംസിച്ചിരുന്നു. തുല്യതാ പരീക്ഷയില്‍ 275 മാര്‍ക്കില്‍ 205 മാര്‍ക്കും ഭാഗീരഥിയമ്മ നേടിയിരുന്നു. 2019ല്‍ സംസ്ഥാന സാക്ഷരതാ മിഷന് നടത്തിയ പരീക്ഷയിലാണ് ഭാഗീരഥിയമ്മ നാലാം ക്ലാസ് പാസായത്.
ചെറുപ്പ കാലത്ത് ബുദ്ധിമുട്ടുകള്‍ കാരണം ഭാഗീരഥിയമ്മയ്ക്ക് പഠിക്കാനായിരുന്നില്ല. ചെറുപ്രായത്തിലേ അമ്മ മരിച്ചതുകാരണം ഇളയ സഹോദരങ്ങളെ നോക്കേണ്ട ഉത്തരവാദിത്തം ഭാഗീരഥിയമ്മയ്ക്കായിരുന്നു. മുപ്പതാം വയസില്‍ വിധവയായപ്പോള് ആറ് മക്കളെ വളര്‍ത്തിയതും ഭാഗീരഥിയമ്മയാണ്. ഒമ്പതാമാത്തെ വയസിലാണ് മൂന്നാം ക്ലാസില്‍ ഭാഗീരഥിയമ്മ ഔപചാരിക വിദ്യാഭ്യാസം ഉപേക്ഷിച്ചത്.