Skip to main content

മുഖ്യമന്ത്രിയുടെ നിലപാട് വേദനിപ്പിച്ചെന്ന് കുണ്ടറ സ്ത്രീപീഡന കേസിലെ പരാതിക്കാരി. മന്ത്രി എ.കെ ശശീന്ദ്രന് എതിരെ നടപടി ഉണ്ടാവുമെന്ന് പ്രതീക്ഷിച്ചു. എന്നാല്‍ മുഖ്യമന്ത്രി മന്ത്രിക്കൊപ്പമാണ് നിലകൊണ്ടത്. ഇതിലൂടെ മുഖ്യമന്ത്രി നല്‍കുന്ന സന്ദേശമെന്തെന്നും പരാതിക്കാരി ചോദിച്ചു. ശശീന്ദ്രന് എതിരെ നിയമനടപടി ആലോചിക്കുന്നുണ്ടെന്നും പരാതിക്കാരി പറഞ്ഞു. 

രാവിലെ ശശീന്ദ്രന്‍ ക്ലിഫ് ഹൗസില്‍ മുഖ്യമന്ത്രിയെ കാണാനെത്തിയത് അഭ്യൂഹങ്ങള്‍ കൂട്ടിയെങ്കിലും പിണറായി രാജിയാവശ്യപ്പെട്ടില്ല. പാര്‍ട്ടിയിലെ ആഭ്യന്തര പ്രശ്‌നത്തിലാണ് ഇടപെട്ടതെന്ന ശശീന്ദ്രന്റെ വിശദീകരണം മുഖവിലക്കെടുത്താണ് പിന്തുണ. 2017ലെ ഫോണ്‍വിളിയില്‍ ശശീന്ദ്രനോട് അതിവേഗം രാജിവെക്കാന്‍ ആവശ്യപ്പെട്ടത് പിണറായി വിജയന്‍ ആയിരുന്നു.

കൊല്ലത്തെ പാര്‍ട്ടിയിലെ പ്രശ്‌നങ്ങളുടെ തുടര്‍ച്ചയാണ് വിവാദമെന്ന വിശദീകരണം മുഖ്യമന്ത്രിയും സി.പി.എമ്മും ഇപ്പോള്‍ കണക്കില്‍ എടുത്തിരിക്കുകയാണ്. പ്രശ്‌നം മുന്‍കൂട്ടി അറിയിക്കാതിരുന്നതിലും ഫോണ്‍വിളിയിലും മന്ത്രിക്ക് ജാഗ്രതക്കുറവ് ഉണ്ടായെന്ന് പറയുമ്പോഴും രാജിയാവശ്യം എന്‍.സി.പി പ്രസിഡണ്ട് പി.സി ചാക്കോ തള്ളി. ഗൗരവമേറിയ പ്രശ്‌നത്തില്‍ പരാതിക്കാരെ സംശയത്തിന്റെ നിഴലില്‍ നിര്‍ത്തിയാണ് മന്ത്രിക്കുള്ള പാര്‍ട്ടി പിന്തുണ.