Skip to main content

പീഡനപരാതി ഒതുക്കാന്‍ ശ്രമിച്ചെന്ന വിവാദത്തില്‍ എന്‍.സി.പി നേതാവും വനം മന്ത്രിയുമായ എ.കെ ശശീന്ദ്രന്‍ മുഖ്യമന്ത്രി പിണറായി വിജയനുമായി കൂടിക്കാഴ്ച നടത്തി. ക്ലിഫ് ഹൗസില്‍ നേരിട്ടെത്തിയാണ് ശശീന്ദ്രന്‍ മുഖ്യമന്ത്രിയെ കണ്ടത്. കഴിഞ്ഞ ദിവസം ഫോണില്‍ വിളിച്ച് മുഖ്യമന്ത്രിയോട് ശശീന്ദ്രന്‍ വിശദീകരണം നല്‍കിയിരുന്നു. അതിന് പിന്നാലെയാണ് ഇന്ന് രാവിലെ അദ്ദേഹം നേരിട്ട് മുഖ്യമന്ത്രിയെ കണ്ടത്.

രണ്ടാം പിണറായി സര്‍ക്കാര്‍ അധികാരമേറ്റ് രണ്ട് മാസം തികയും മുന്‍പേയുണ്ടായ വിവാദത്തില്‍ ശശീന്ദ്രന്റെ മന്ത്രിസ്ഥാനം തെറിക്കുമോ എന്ന ചര്‍ച്ച തുടരുന്നതിനിടെയാണ് ഇരുവരുടേയും കൂടിക്കാഴ്ച. എന്നാല്‍ രാജിവെക്കില്ലെന്നാണ് മുഖ്യമന്ത്രിയെ കണ്ട ശേഷം മന്ത്രി വ്യക്തമാക്കിയത്. 

പറയാനുള്ള കാര്യങ്ങളെല്ലാം മുഖ്യമന്ത്രിയോട് പറഞ്ഞിട്ടുണ്ടെന്നും എന്നാല്‍ അത് ബോധ്യപ്പെട്ടോ എന്ന് വ്യക്തമാക്കേണ്ടത് മുഖ്യമന്ത്രിയാണെന്നും കൂടിക്കാഴ്ചയ്ക്ക് ശേഷം മാധ്യമങ്ങളോട് പ്രതികരിച്ചു. പീഡനക്കേസാണെന്ന് അറിഞ്ഞിട്ടല്ല താന്‍ ഇടപെട്ടതെന്നും രണ്ട് പാര്‍ട്ടി നേതാക്കള്‍ തമ്മിലുള്ള വിഷയമായതിനാല്‍ മാത്രമാണ് ഇടപെട്ടതെന്നുമാണ് മുഖ്യമന്ത്രിയെ അദ്ദേഹം അറിയിച്ചത്. 

സ്ത്രീ സുരക്ഷയ്ക്ക് വലിയ പ്രാധാന്യം നല്‍കുന്ന തന്റെ സര്‍ക്കാരിലെ ഒരു മന്ത്രിക്ക് നേരെ ഇത്തരമൊരു ആരോപണം ഉയര്‍ന്നതില്‍ മുഖ്യമന്ത്രിക്കും അതൃപ്തിയുണ്ട്. പീഡനക്കേസില്‍ ഇടപെട്ടുവെന്ന ആരോപണം മാത്രമല്ല ചര്‍ച്ച ചെയ്തതെന്നും വനം വകുപ്പ് സംബന്ധിച്ച ചില കാര്യങ്ങളും ചര്‍ച്ച ചെയ്തുവെന്നും അദ്ദേഹം പറഞ്ഞു.