Skip to main content

സ്ത്രീപീഡന പരാതി ഒതുക്കി തീര്‍ക്കാന്‍ ശ്രമിച്ചുവെന്ന പരാതിയില്‍ വിശദീകരണവുമായി മന്ത്രി എ.കെ ശശീന്ദ്രന്‍. സ്ത്രീപീഡന പരാതിയായിരുന്നുവെന്ന് അറിഞ്ഞിരുന്നില്ലെന്നും പാര്‍ട്ടിക്കാരുമായി ബന്ധപ്പെട്ട് എന്തോ പ്രശ്നമുണ്ട് എന്നറിഞ്ഞ് വിളിച്ചതെന്നും മന്ത്രി മാധ്യമങ്ങളോട് പറഞ്ഞു. എന്‍.സി.പി സംസ്ഥാന എക്സിക്യൂട്ടീവ് അംഗം പത്മാകരനെതിരായ സ്ത്രീപീഡന പരാതി ഒതുക്കി തീര്‍ക്കാന്‍ മന്ത്രി എ.കെ ശശീന്ദ്രന്റെ ഇടപെട്ടത്.

''പ്രശ്നത്തില്‍ പരാമര്‍ശിക്കപ്പെട്ട രണ്ടാളുകളും എന്റെ പാര്‍ട്ടിക്കാരാണ്. പത്മാകരനായാലും കുട്ടിയുടെ പിതാവായാലും. അങ്ങനെയൊരു പ്രശ്നം ഉണ്ടായപ്പോള്‍ രണ്ടു പേരോടും എനിക്ക് അന്വേഷിക്കേണ്ട ഉത്തരവാദിത്തം ഉണ്ട്. അത് നല്ല നിലക്ക് തീര്‍ക്കാന്‍ പറ്റുന്നതാണോ അല്ലയോ എന്ന് അന്വേഷിക്കേണ്ടതുണ്ട്. സ്ത്രീപീഡന പരാതിയായിരുന്നെന്ന് അറിഞ്ഞിരുന്നില്ല,'' മന്ത്രി എ.കെ ശശീന്ദ്രന്‍ പറഞ്ഞു.

പെണ്‍കുട്ടിയുടെ പിതാവ് പ്രശ്നം പറഞ്ഞപ്പോള്‍ ഞാന്‍ ശരി നമുക്ക് പിന്നെ സംസാരിക്കാമെന്ന് പറഞ്ഞല്ലോ. സ്ത്രീപീഡന പരാതിയാണെന്നത് അന്വേഷിച്ചപ്പോഴാണ് മനസിലായത്. പത്മാകരനെതിരെ വാട്സ്ആപ്പ് ഗ്രൂപ്പില്‍ എന്തൊക്കെയോ ആരോപണങ്ങള്‍ വരുന്നുണ്ട്, എന്നാണ് അറിഞ്ഞത്. ഈ വിഷയം മനസിലാക്കാന്‍ എന്റെ പാര്‍ട്ടിയുടെ ബ്ലോക്ക് പ്രസിഡന്റിനെയും ഞാന്‍ വിളിച്ചിട്ടുണ്ട്. മറ്റുള്ളതെല്ലാം വ്യാഖ്യാനമാണ്. സംസാരത്തില്‍ ഭീഷണിയുടെ സ്വരമില്ലായിരുന്നുവെന്നും ശശീന്ദ്രന്‍ പറഞ്ഞു.

അതേസമയം മന്ത്രി കളളമാണ് പറയുന്നതെന്ന് പെണ്‍കുട്ടിയുടെ പിതാവ് പറഞ്ഞു. മന്ത്രിക്ക് വിഷയം അറിയാമായിരുന്നു. ഫോണ്‍ സംഭാഷണത്തിലും ഞാനത് പറയുന്നുണ്ട്. ഇതൊരുതരം ഭീഷണിപ്പെടുത്തലാണ്. നല്ല രീതിയില്‍ തീര്‍ക്കണമെന്നാണ് മന്ത്രി പറയുന്നത്. എന്റെ മകളുടെ കൈക്ക് കയറി പിടിച്ച കേസ് ഒതുക്കി തീര്‍ക്കണമെന്നാണോ മന്ത്രി പറയുന്നതെന്ന് ഞാന്‍ ചോദിക്കുന്നതും ശബ്ദരേഖയില്‍ കേള്‍ക്കാമെന്ന് യുവതിയുടെ പിതാവ് പറഞ്ഞു.