Skip to main content

സംസ്ഥാനത്ത് സിനിമാ മേഖല മാത്രമല്ല എല്ലാ മേഖലകളും പ്രതിസന്ധിയിലാണെന്ന് സിനിമാ, സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാന്‍. സിനിമാ ചിത്രീകരണം ഉള്‍പ്പെടെ എല്ലാ കാര്യങ്ങളിലും ചലച്ചിത്ര സംഘടനകളുമായി ചര്‍ച്ച നടത്താന്‍ തയ്യാറാണെന്നും, ഇക്കാര്യത്തില്‍ ടി.പി.ആര്‍ കുറഞ്ഞ ശേഷം ആലോചിച്ച് തീരുമാനമെടുക്കാമെന്നും സജി ചെറിയാന്‍ പറയുന്നു. ഇളവുകള്‍ അനുവദിക്കേണ്ടത് താനല്ല. അത് സര്‍ക്കാരിന്റെ തീരുമാനമാണെന്നും സജി ചെറിയാന്‍ വ്യക്തമാക്കി. ഷൂട്ടിംഗിന് അനുമതി നല്‍കണമെന്ന ആവശ്യവും ചിത്രീകരണം മറ്റ് സംസ്ഥാനങ്ങളിലേക്ക് മാറ്റുന്ന വിഷയവും സര്‍ക്കാര്‍ ഇന്ന് മന്ത്രിസഭാ യോഗത്തില്‍ ചര്‍ച്ച ചെയ്യുന്നുണ്ട്.

വ്യാപാരികളോടും സിനിമക്കാരോടും സര്‍ക്കാരിനോട് വിരോധമില്ലെന്ന് സജി ചെറിയാന്‍ പറയുന്നു. ആളുകളുടെ ജീവന്‍ രക്ഷിക്കലാണ് സര്‍ക്കാരിന്റെ ലക്ഷ്യം. തെലങ്കാന നല്ല സ്ഥലമാണെങ്കില്‍ അവിടെ ചിത്രീകരണം നടത്തട്ടെ എന്നും സജി ചെറിയാന്‍. 

കൊവിഡ് നിയന്ത്രണങ്ങള്‍ക്കെതിരെ വ്യാപാരികളില്‍ നിന്നുള്‍പ്പെടെ പ്രതിഷേധം ശക്തമാകുന്നതിനിടെ സാഹചര്യം വിലയിരുത്താന്‍ മന്ത്രിസഭാ യോഗം ഇന്ന് ചേരാനിരിക്കുകയാണ്. പെരുന്നാള്‍ പരിഗണിച്ച് ഇളവുകള്‍ കൂടുതല്‍ വേണമെന്ന ആവശ്യം ശക്തമാണ്. വ്യാപാരികളുമായി മുഖ്യമന്ത്രി നാളെ നേരിട്ട് ചര്‍ച്ച നടത്തുന്നുണ്ട്.