Skip to main content

'മനസ്സിലാക്കി കളിച്ചാല്‍ മതി' എന്ന് വ്യാപാരികളോട് മുഖ്യമന്ത്രി പിണറായി വിജയന്‍ നടത്തിയ പ്രസ്ഥാവന ഏറ്റെടുത്ത് പ്രതിപക്ഷം. മുഖ്യമന്ത്രിയുടെ പ്രസ്താവനയ്ക്ക് പിന്നാലെ വ്യാപാരികളുടെ സമരത്തിന് പ്രതിപക്ഷം പൂര്‍ണ പിന്തുണ പ്രഖ്യാപിച്ച് രംഗത്തെത്തി. മുഖ്യമന്ത്രിയുടെ പ്രസ്താവന കേരളത്തിലെ വ്യാപാരികളോടും ജനങ്ങളോടുമുള്ള ധിക്കാരം നിറഞ്ഞ വെല്ലുവിളിയാണ്. അത് കേരളത്തില്‍ വിലപ്പോകില്ലെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍ പറഞ്ഞു. 

വ്യാപാരികള്‍ക്ക് പൂര്‍ണ പിന്തുണ പ്രഖ്യാപിച്ച കെ.പി.സി.സി അധ്യക്ഷന്‍ കെ.സുധാകരന്‍ ജീവിതം വഴിമുട്ടിയവരോട് മുഖ്യമന്ത്രിക്ക് ഒരു മയത്തില്‍ പെരുമാറികൂടെയെന്നു ചോദിച്ചു. കച്ചവട സ്ഥാപനങ്ങള്‍ നിലനില്‍പ്പിന്റെ അവസാനപടിയിലെത്തിയപ്പോഴാണ് പോലീസ് അനുവദിച്ചാലും ഇല്ലെങ്കിലും തങ്ങള്‍ തുറക്കുമെന്ന് പ്രഖ്യാപിച്ചത്. അവരോട് യുദ്ധം ചെയ്യാനല്ല സര്‍ക്കാര്‍ പോകേണ്ടത്. അവരുടെ പ്രശ്നങ്ങള്‍ കേള്‍ക്കാനുള്ള ക്രിയാത്മകമായ ചര്‍ച്ചയാണ് വേണ്ടത്. മുഖ്യമന്ത്രിയുടെ പ്രസ്താവന അദ്ദേഹം വഹിക്കുന്നപദവിക്ക് ഒട്ടും യോജിച്ചതല്ലെന്ന് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി പറഞ്ഞു. ആശ്വസിപ്പിച്ച് കൂടെ നിര്‍ത്തേണ്ടേ വ്യാപര സമൂഹത്തെ ശത്രുക്കളായി കാണുന്ന നടപടിയാണ് സര്‍ക്കാരിന്റേതെന്ന് മുസ്ലീം ലീഗ് നേതാവ് പി.കെ.കുഞ്ഞാലിക്കുട്ടി പറഞ്ഞു. 

'ഈ ''സിസ്റ്റ'ത്തിന് ഒരു മാറ്റമുണ്ടാവണമെന്നാണ് ഞങ്ങളൊക്കെ ആവശ്യപ്പെട്ടു കൊണ്ടിരുന്നത്. പക്ഷേ, ഞങ്ങള്‍ തോറ്റുപോയി.സിസ്റ്റം ഇങ്ങനെത്തന്നെ തുടരട്ടെ എന്നായിരുന്നു ജനവിധി.വിധി!'വി.ടി.ബല്‍റാം ഫെയ്സ്ബുക്കില്‍ കുറിച്ചു. വ്യാപാരികള്‍ സൂക്ഷിച്ചോളൂ..കളി ഡല്‍ഹിയില്‍ നിന്ന് നേരിട്ട് പഠിക്കുകയാണെന്ന് മുസ്ലിം ലീഗ് എം.എല്‍.എ നജീബ് കാന്തപുരം പരിഹസിച്ചു. വ്യാപാരി സമൂഹത്തോട് നമുക്ക് ഒരുമിച്ച് ഈ പ്രയാസങ്ങളെ നേരിടാം എന്നു പറയുന്നതിനു പകരം 'നിങ്ങളെ നേരിടും' എന്ന് പറയുന്നത് കേള്‍ക്കുമ്പോള്‍,  ഈ സര്‍ക്കാരിനെ തിരഞ്ഞെടുത്ത ജനത്തിനോട് ''അനുഭവിച്ചോ'' എന്ന് ആരെങ്കിലും പറയുന്നതു പോലെ തോന്നിയാല്‍ അതില്‍ അത്ഭുതമില്ലെന്ന് മഞ്ഞളാം കുഴി അലി എം.എല്‍.എ പറഞ്ഞു. 

ബി.ജെ.പി നേതാവ് ശോഭാ സുരേന്ദ്രനും മുഖ്യമന്ത്രിയുടെ പ്രസ്താവനക്കെതിരെ രംഗത്തെത്തി. കേരളത്തില്‍ നിന്ന് ലോക്‌സഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട ഏക സി.പി.ഐ(എം) എം.പി ഇപ്പോള്‍ മുഖ്യമന്ത്രിക്ക് കടകള്‍ തുറക്കണമെന്ന് ആവശ്യപ്പെട്ട് കത്തയച്ചിട്ടുണ്ടത്രെ. ഇടത് എം.പിക്ക് പോലും ഈ പാര്‍ട്ടിയെ പറ്റി ഒരു ചുക്കും അറിയില്ലല്ലോ!' ശോഭാ സുരേന്ദ്രന്‍ ഫെയ്സ്ബുക്കില്‍ കുറിച്ചു.

സര്‍ക്കാരിന്റെ കോവിഡ് നിയന്ത്രണങ്ങള്‍ക്കെതിരെ പരസ്യ പ്രതികരണവുമായി ഇടതുപക്ഷ അനുകൂല സംഘടനയായ വ്യാപാരി വ്യവസായി സമതിയും രംഗത്തെത്തി. സംസ്ഥാനത്തെ കോവിഡ് നിയന്ത്രണങ്ങള്‍ അശാസ്ത്രീയമാണെന്ന് സി.പി.എം മുന്‍ എം.എല്‍.എയും വ്യാപാരി വ്യവസായി സമിതി പ്രസിഡന്റുമായ വി.കെ.സി.മമ്മത് കോയ പറഞ്ഞു. തങ്ങള്‍ സമരത്തിനിറങ്ങുമെന്നും അദ്ദേഹം അറിയിച്ചു.