Skip to main content

സി.പി.ഐ.എം പ്രവര്‍ത്തകന്‍ സേവറി നാണുവിന്റെ കൊലപാതകം കോണ്‍ഗ്രസുകാര്‍ക്ക് പറ്റിയ കൈപ്പിഴയാണെന്ന കെ സുധാകരന്റെ പ്രസ്താവനയില്‍ അന്വേഷണം വേണമെന്ന് നാണുവിന്റെ ഭാര്യ ഭാര്‍ഗവി. നാണു മരണത്തില്‍ പുനരന്വേഷണം ആവശ്യപ്പെട്ട് കോടതിയെ സമീപിക്കുമെന്നും ഭാര്യ പറഞ്ഞു. സംഭവത്തില്‍ സുധാകരനെതിരെ കേസെടുക്കണമെന്നും ഭാര്‍ഗവി പറഞ്ഞു. കണ്ണൂര്‍ ബസ് സ്റ്റാന്‍ഡിന് തൊട്ടടുത്തുള്ള ഹോട്ടല്‍ ജീവനക്കാരനായിരുന്ന നാണുവിനെ ഒരു സംഘമാളുകള്‍ ബോംബെറിഞ്ഞ് കൊല്ലുകയായിരുന്നു. 1992 ജൂണ്‍ 13-നാണ് സംഭവം നടന്നത്. സേവറി നാണുവിന്റെ കൊലപാതകത്തിന് പിന്നില്‍ സുധാകരനാണെന്ന ആരോപണങ്ങള്‍ ഇതിനു മുന്‍പും നിരവധി തവണ ഉയര്‍ന്നതാണ്.

സുധാകരന്‍ നടത്തിയത് കുറ്റസമ്മതമാണെന്ന് സി.പി.ഐ.എം കണ്ണൂര്‍ ജില്ലാ സെക്രട്ടറി എം.വി ജയരാജനും ആരോപിച്ചിരുന്നു. ഡി.സി.സി ഓഫീസ് സെക്രട്ടറിയായിരുന്ന പ്രശാന്ത് ബാബുവിന്റെ വെളിപ്പെടുത്തല്‍ പരിശോധിക്കണമെന്നും എം.വി ജയരാജന്‍ ആവശ്യപ്പെട്ടു.

'' താന്‍ ജില്ലാ അധ്യക്ഷനായ ശേഷം സേവറി നാണുവല്ലാതെ കണ്ണൂരില്‍ മറ്റൊരു സി.പി.ഐ.എം പ്രവര്‍ത്തകനും കൊല്ലപ്പെട്ടിട്ടില്ല. അങ്ങനെയൊരാളുടെ പേര് പിണറായി പറഞ്ഞാല്‍'' രാജിവെക്കാം എന്നായിരുന്നു കെ സുധാകരന്‍ പറഞ്ഞത്.