Skip to main content

കൊവിഡ് വ്യാപന നിരക്കിലെ കുറവ് കണക്കിലെടുത്ത് ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങളില്‍ ഇളവ് വരുത്താന്‍ തീരുമാനിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍. ജൂണ്‍ 16 മുതല്‍ ലോക്ക്ഡൗണ്‍ ലഘൂകരിക്കാന്‍ തീരുമാനിച്ചതായി മുഖ്യമന്ത്രി പറഞ്ഞു. ജൂണ്‍ 17 മുതല്‍ പൊതു ഗതാഗതം മിതമായ തോതില്‍ അനുവദിക്കും. 

ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് ഉയര്‍ന്ന പഞ്ചായത്തുകളെ കണ്ടെത്തി കണ്ടെയ്ന്‍മെന്റ് സോണ്‍ തിരിച്ച് കര്‍ശന നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തും. ശനി, ഞായര്‍ ദിവസങ്ങളില്‍ സംസ്ഥാനത്ത് കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തുമെന്നും മുഖ്യമന്ത്രി പറഞ്ഞു. ജൂണ്‍ 17 മുതല്‍ ബാങ്കുകളുടെ പ്രവര്‍ത്തനം നിലവിലുള്ളത് പോലെ തിങ്കള്‍,ബുധന്‍, വെള്ളി ദിവസങ്ങളിലായി തുടരും. വിവാഹത്തിനും മരണാനന്തര ചടങ്ങിനും ഇരുപത് പേരെ മാത്രം അനുവദിക്കും. മറ്റു ആള്‍ക്കൂട്ടങ്ങളോ പൊതുപരിപാടികളോ അനുവദിക്കില്ല. ബിവറേജസ് ഔട്ട്‌ലറ്റുകളും ബാറുകളും തുറക്കും.  9 മുതല്‍ വരെ 7 വരെ ആണ് പ്രവര്‍ത്തിക്കുക. ആപ്പ് വഴി ബുക്ക് ചെയ്താണ് ആവശ്യക്കാര്‍ എത്തേണ്ടത്.

തദ്ദേശ സ്ഥാപനങ്ങളിലെ ഏഴ് ദിവസത്തെ ശരാശരി ടി.പി.ആര്‍ എട്ട് ശതമാനത്തിന് താഴെ വന്നാല്‍ അതിനെ കുറഞ്ഞ വ്യാപനമായി കണക്കാക്കും. എട്ടിനും 20 ശതമാനത്തിനും ഇടയിലാണ് വ്യാപനമെങ്കിലും ഭാഗീക നിയന്ത്രമുണ്ടാവും. 20 ശതമാനത്തിന് മുകളിലാണ് ടി.പി.ആര്‍ എങ്കില്‍ അവിടെ അതിതീവ്ര വ്യാപന മേഖലയായി കണക്കാക്കി നിയന്ത്രണം ഏര്‍പ്പെടുത്തും. 30 ശതമാനത്തിന് മുകളിലേക്ക് ടി.പി.ആര്‍ വന്നാല്‍ കര്‍ശന നിയന്ത്രണം ഉണ്ടാവും. എല്ലാ ബുധനാഴ്ചയും ആഴ്ചയിലെ തദ്ദേശ സ്ഥാപനങ്ങളിലെ അവസാന ഏഴ് ദിവസത്തെ ശരാശരി ടി.പി.ആര്‍ പരിശോധിച്ച്. നിയന്ത്രണങ്ങളില്‍ മാറ്റം വരുത്തും. ഇക്കാര്യം ജില്ലാ ഭരണകൂടങ്ങള്‍ നിര്‍വഹിക്കും. 

ജൂണ്‍ 17 മുതല്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാര്‍ സ്ഥാപനങ്ങളും പൊതുമേഖല സ്ഥാപനങ്ങളും റൊട്ടേഷന്‍ അടിസ്ഥാനത്തില്‍ 25 ശതമാനം ജീവനക്കാരെ വച്ച് പ്രവര്‍ത്തിക്കാം. സെക്രട്ടേറിയറ്റില്‍ റൊട്ടേഷന്‍ അടിസ്ഥാനത്തില്‍ അന്‍പത് ശതമാനം ജീവനക്കാരുമായി പ്രവര്‍ത്തിക്കും. എല്ലാ ശനി, ഞായര്‍ ദിവസങ്ങളിലും സംസ്ഥാനത്ത് സമ്പൂര്‍ണ ലോക്ക് ഡൗണ്‍ ആയിരിക്കും.

പൊതു പരീക്ഷകള്‍ അനുവദിക്കും. റെസ്റ്റോറന്റുകളില്‍ ടേക്ക് എവേയും ഓണ്‍ലൈന്‍ ഡെലിവറിയും തുടരും. ആളുകള്‍ കൂടുന്ന ഇന്‍ഡോര്‍ പ്രവര്‍ത്തനങ്ങള്‍ അനുവദിക്കില്ല. മാളുകളും ഈ ഘട്ടത്തില്‍ തുറക്കാന്‍ പാടില്ല.