Skip to main content

കൊവിഡ് അനുബന്ധമായി സംസ്ഥാന സര്‍ക്കാര്‍ നല്‍കുന്ന സൗജന്യ ഭക്ഷ്യകിറ്റ് ആവശ്യമില്ലാത്തവര്‍ റേഷന്‍ കടകളില്‍ അറിയിക്കണമെന്ന് ഭക്ഷ്യമന്ത്രി ജി.ആര്‍ അനില്‍. കിറ്റ് ആവശ്യമില്ലാത്തവര്‍ക്ക് പിന്‍മാറാമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. നിലവില്‍ ബി.പി.എല്‍ റേഷന്‍ കാര്‍ഡുകള്‍ അനര്‍ഹമായി കൈവശം വെച്ചിരിക്കുന്നവര്‍ അത് തിരികെ ഏല്‍പ്പിക്കണമെന്നും ഇതുവരെ സ്വീകരിച്ച ആനുകൂല്യങ്ങളുടെ പേരില്‍ നടപടിയുണ്ടാകില്ലെന്നും ജി.ആര്‍ അനില്‍ പറഞ്ഞു.

കൊവിഡ് പ്രതിരോധത്തിന് ഉപയോഗിക്കുന്ന മാസ്‌ക് ഉള്‍പ്പെടെയുളള പ്രതിരോധ സാമഗ്രികള്‍ അമിത വില ഈടാക്കി വിറ്റാല്‍ സര്‍ക്കാര്‍ കര്‍ശന നടപടികളിലേക്ക് പോകുമെന്നും മന്ത്രി മുന്നറിയിപ്പ് നല്‍കി. കൊവിഡ് കാലത്ത് വില വര്‍ദ്ധന പിടിച്ചു നിര്‍ത്താന്‍ സര്‍ക്കാര്‍ തലത്തില്‍ നടപടിയുണ്ടാകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.