Skip to main content

മുന്‍ ചീഫ് സെക്രട്ടറി ഡോ.കെ.എം എബ്രഹാം മുഖ്യമന്ത്രി പിണറായി വിജയന്റെ ചീഫ് പ്രിന്‍സിപ്പല്‍ സെക്രട്ടറി. കിഫ്ബി സി.ഇ.ഒ ആയി പ്രവര്‍ത്തിക്കുകയാണ് കെ.എം.എബ്രഹാം. കഴിഞ്ഞ വട്ടം പേഴ്സണല്‍ സ്റ്റാഫിലുണ്ടായിരുന്ന ഭൂരിഭാഗം പേരും തുടരും. എന്‍ പ്രഭാവര്‍മ്മയാണ് മീഡിയ സെക്രട്ടറി. ശാസ്ത്ര സാങ്കേതിക വിഭാഗം ഉപദേഷ്ടാവിയിരുന്ന എം.സി ദത്തനെ സയന്‍സ് വിഭാഗം മെന്റര്‍ എന്ന നിലയിലാണ് നിലനിര്‍ത്തിയിരിക്കുന്നത്. അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറി ആയി സി.എം രവീന്ദ്രന്‍ തുടരും. പി ഗോപനും, ദിനേശ് ഭാസ്‌കറുമാണ് മറ്റ് അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറിമാര്‍.

അസി. പ്രൈവറ്റ് സെക്രട്ടറിമാര്‍: എ സതീഷ് കുമാര്‍, സാമുവല്‍ ഫിലിപ്പ് മാത്യു. പേഴ്‌സണല്‍ അസിസ്റ്റന്റ്: വി എം സുനീഷ് പി.എം. മനോജാണ് ഇത്തവണയും പ്രസ് സെക്രട്ടറി. മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി, പൊളിറ്റിക്കല്‍ സെക്രട്ടറി എന്നിവരെ നേരത്തെ തന്നെ നിയമിച്ചിരുന്നു. മുന്‍ രാജ്യസഭാംഗവും സി.പി.എം നേതാവുമായ കെ.കെ രാഗേഷാണ് പ്രൈവറ്റ് സെക്രട്ടറി. കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറി ആയിരുന്ന പുത്തലത്ത് ദിനേശന്‍ തന്നെയാണ് ഇത്തവണയും പൊളിറ്റിക്കല്‍ സെക്രട്ടറി.

ആരോഗ്യമന്ത്രി വീണ ജോര്‍ജിന്റെ പ്രൈവറ്റ് സെക്രട്ടറിയായി സി.പി.എം സംസ്ഥാന കമ്മിറ്റിയംഗം കെ.സജീവനെ പാര്‍ട്ടി നിയമിച്ചിരുന്നു. എകെജി സെന്റര്‍ ഓഫീസ് സെക്രട്ടറിയായിരുന്നു കെ.സജീവന്‍. സി.പി.എം നേതാവ് ഡോ.വി.പി.പി മുസ്തഫയാണ് തദ്ദേശ-എക്സൈസ് വകുപ്പ് മന്ത്രി എം.വി ഗോവിന്ദന്‍മാസ്റ്ററുടെ പ്രൈവറ്റ് സെക്രട്ടറി.