Skip to main content

ലോക്ക്ഡൗണ്‍ സമയത്ത് ആരും പട്ടിണി കിടക്കേണ്ടിവരില്ലെന്നും അടുത്ത ആഴ്ച മുതല്‍ സൗജന്യ ഭക്ഷ്യ കിറ്റ് വിതരണം ചെയ്യുമെന്നുള്ള മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രഖ്യാപനത്തെ പ്രശംസിച്ച് നടന്‍ പ്രകാശ് രാജ്. 'ഉത്തരവാദിത്വമുള്ള ഭരണം. ഒരുപാട് പേര്‍ക്ക് നിങ്ങള്‍ പ്രചോദനമാകട്ടെ' എന്നാണ് പ്രകാശ് രാജ് ട്വീറ്റ് ചെയ്തിരിക്കുന്നത്. സൗജന്യ ഭക്ഷ്യ കിറ്റിനെക്കുറിച്ചുള്ള പിണറായി വിജയന്റെ ട്വീറ്റും പ്രകാശ് രാജ് പങ്കുവെച്ചിട്ടുണ്ട്.

ലോക്ക്ഡൗണ്‍ സമയത്ത് ആരും തന്നെ പട്ടിണി കിടക്കേണ്ടി വരില്ല. സംസ്ഥാനത്തെ എല്ലാ കുടുംബങ്ങള്‍ക്കും അതിഥി തൊഴിലാളികള്‍ക്കും അടുത്ത ആഴ്ച മുതല്‍ സൗജന്യ ഭക്ഷ്യ കിറ്റ് വിതരണം ചെയ്യും. ജനകീയ ഹോട്ടലുകള്‍ ഇല്ലാത്ത സ്ഥലങ്ങളില്‍ ഭക്ഷണം എത്തിക്കാന്‍ തദ്ദേശ സ്ഥാപനങ്ങള്‍ കമ്മ്യൂണിറ്റി കിച്ചണ്‍ സംവിധാനം ആരംഭിക്കും', എന്നായിരുന്നു മുഖ്യമന്ത്രിയുടെ ട്വീറ്റ്.

സൗജന്യ ഭക്ഷ്യകിറ്റ് വിതരണം അടുത്ത ആഴ്ച മുതല്‍ ആരംഭിക്കുമെന്നും അതിഥി തൊഴിലാളികള്‍ക്കും ഭക്ഷ്യകിറ്റ് നല്‍കുമെന്നും വാര്‍ത്താ സമ്മേളനത്തില്‍ മുഖ്യമന്ത്രി വ്യക്തമാക്കിയിരുന്നു. ഇതിനൊപ്പം യാത്രചെയ്യുമ്പോള്‍ പാലിക്കേണ്ട നിര്‍ദ്ദേശങ്ങളും അദ്ദേഹം മുന്നോട്ടുവെച്ചു. അന്തര്‍ജില്ലാ യാത്രകള്‍ പരമാവധി ഒഴിവാക്കുകയാണ് ഉചിതമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. ഒഴിവാക്കാനാകാത്ത സാഹചര്യങ്ങളില്‍ യാത്ര ചെയ്യുന്നവര്‍ പേരും മറ്റ് വിവരങ്ങളും യാത്രയുടെ ഉദ്ദേശവും ഉള്‍പ്പെടുത്തി തയ്യാറാക്കിയ സത്യവാങ്മൂലം കയ്യില്‍ കരുതണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു.