രണ്ടാം പിണറായി സര്‍ക്കാരില്‍ മുഴുവന്‍ പുതുമുഖ മന്ത്രിമാരെ കൊണ്ടുവരാന്‍ ആലോചന. സര്‍ക്കാരിന് ഫ്രഷ് ഫേസ് നല്‍കുക എന്ന ലക്ഷ്യത്തോടെ ഇങ്ങനെ ഒരു ആലോചന നടക്കുന്നതായാണ് സൂചന. ഷൈലജ ടീച്ചറെ മാത്രം നിലനിര്‍ത്തി ബാക്കി മുഴുവന്‍ പുതുമുഖങ്ങള്‍ എന്ന സാധ്യത നേതൃത്വം പരിശോധിക്കുന്നതായാണ് വിവരം. മട്ടന്നൂരില്‍ നിന്ന് 60,000 വോട്ടുകളുടെ ഭൂരിപക്ഷത്തില്‍ ജയിച്ച് ഷൈലജ ടീച്ചര്‍ പിണറായി സര്‍ക്കാരിലെ ഏറ്റവും ജനപ്രീതിയുള്ള മന്ത്രി കൂടിയായിരുന്നു.
പൂര്‍ണമായും പുതുമുഖങ്ങളെ ഉള്‍പ്പെടുത്തിയാണ് മന്ത്രിസഭ വരുന്നതെങ്കില്‍ എ.സി.മൊയ്തീന്, ടി.പി.രാമകൃഷ്ണന് എന്നീ മുന്‍ മന്ത്രിമാര്‍ക്ക് സ്ഥാനം നഷ്ടമാകും. മന്ത്രിസഭയില്‍ പൂര്‍ണമായും പുതുമുഖങ്ങളെ കൊണ്ടു വരുന്നതിലൂടെ കേരളത്തിലെ സി.പി.എമ്മില്‍ സമ്പൂര്‍ണ തലമുറമാറ്റം സാധ്യമാകും. 34 വര്‍ഷം അധികാരത്തിലിരുന്ന ബംഗാളില്‍ പാര്‍ട്ടി തകരാന്‍ ഇടയായത് തലമുറ മാറ്റത്തോട് മുഖം തിരിച്ചു നിന്നതാണ് എന്ന പാഠം ഉള്‍ക്കൊണ്ടാണ് കേരളത്തില്‍ തലമുറ മാറ്റത്തിന് സിപിഎം ലക്ഷ്യമിടുന്നത്. 99 സീറ്റുകളുടെ മൃഗീയ ഭൂരിപക്ഷം ഒരു പരീക്ഷണത്തിന് സി.പി.എമ്മിന് ധൈര്യം നല്കുന്നു. സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ എടുത്ത റിസ്ക് ഫലം കണ്ടതും അവരുടെ ആത്മവിശ്വാസം ഇരട്ടിപ്പിക്കുന്നു.
പുതിയ സര്‍ക്കാരില്‍ സി.പി.ഐയ്ക്ക് പ്രാതിനിധ്യം കുറഞ്ഞേക്കും എന്ന വാര്‍ത്തയും തിരുവനന്തപുരത്ത് നിന്നും വരുന്നുണ്ട്. സി.പി.ഐയ്ക്ക് കഴിഞ്ഞ സര്‍ക്കാരില്‍ കിട്ടിയ ആറ് കാബിനറ്റ് പദവികളില്‍ ഒന്നു കുറയാനാണ് സാധ്യത. കഴിഞ്ഞ തവണ കൈവശം വച്ച ചില വകുപ്പുകളും അവര്‍ക്ക് നഷ്ടപ്പെടും. ജനദാതള്‍ ഗ്രൂപ്പുകള്‍ ലയിച്ചു വന്നാല്‍ ഒരു മന്ത്രിസ്ഥാനം അവര്‍ക്ക് നല്‍കാനാണ് തീരുമാനം.