Skip to main content

സംസ്ഥാനത്ത് കൊവിഡ് വ്യാപനത്തിനിടെ ചികിത്സാ ചെലവ് അതീവഗുരുതരമായ സ്ഥിതിയിലാണെന്ന് ഹൈക്കോടതിയുടെ നിരീക്ഷണം. സ്വകാര്യ ആശുപത്രികള്‍ കോവിഡ് രോഗികളില്‍ നിന്ന് ഈടാക്കുന്ന ചികിത്സാ ചെലവ് രോഗതീവ്രതയേക്കാള്‍ പതിന്മടങ്ങാണെന്നും ഹൈക്കോടതി നിരീക്ഷിച്ചു. പല സ്വകാര്യ ആശുപത്രികളും കൊവിഡ് ചികിത്സയ്ക്ക് തോന്നിയ നിരക്ക് ഈടാക്കുന്നുവെന്ന പൊതുതാത്പര്യ ഹര്‍ജിയിലായിരുന്നു ഹൈക്കോടതിയുടെ വിമര്‍ശനം. ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍, ജസ്റ്റിസ് എം.ആര്‍.അനിത എന്നിവരുടെ ബെഞ്ചാണ് ഹര്‍ജി പരിഗണിച്ചത്.

കൊവിഡ് ചികിത്സയ്ക്ക് വിധേയമായി സാമ്പത്തിക ബാധ്യതയുണ്ടായവരില്‍ നിന്ന് നേരിട്ടുള്ള വിശ്വസനീയ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് തങ്ങളുടെ നിരീക്ഷണമെന്ന് ഹൈക്കോടതി വ്യക്തമാക്കി. സ്വകാര്യ ആശുപത്രികളില്‍ നിശ്ചയിച്ചിട്ടുള്ള കൊവിഡ് ചികിത്സാ നിരക്ക് സംബന്ധിച്ച ഉത്തരവ് നിലനില്‍ക്കുന്നുണ്ടെന്ന് സംസ്ഥാന സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചു.