Skip to main content

സംസ്ഥാനത്ത് നാളെയും മറ്റന്നാളും ലോക്ഡൗണിന് സമാനമായ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി. ശനിയാഴ്ചയും ഞായറാഴ്ചയും അവശ്യ സര്‍വീസുകള്‍ക്ക് മാത്രമേ പ്രവര്‍ത്തന അനുതി ഉള്ളുവെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു. സ്ഥിതിഗതികള്‍ ഗുരുതരമാണെന്നും എല്ലാവരും നിയന്ത്രണങ്ങള്‍ പാലിക്കണമെന്നും മുഖ്യമന്ത്രി അഭ്യര്‍ഥിച്ചു. ശനിയാഴ്ചക്കും ഞായറാഴ്ചക്കും ശേഷമുള്ള നിയന്ത്രണങ്ങള്‍ തിങ്കളാഴ്ച ചേരുന്ന സര്‍വ്വകക്ഷി യോഗത്തിന് ശേഷം തീരുമാനിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. 

നാളെയും മറ്റന്നാളും എല്ലാവരും വീട്ടില്‍ത്തന്നെ ഇരിക്കാന്‍ തയ്യാറാകണം. ഈ ദിവസങ്ങള്‍ നമ്മുടെ കുടുംബത്തിനുവേണ്ടി നമുക്ക് മാറ്റിവെയ്ക്കാം. അനാവശ്യമായ യാത്രകളും പരിപാടികളുമൊന്നും ഈ ദിസങ്ങളില്‍ അനുവദനീയമല്ല. നേരത്തെ നിശ്ചയിച്ച വിവാഹങ്ങള്‍ നടത്താം. ഹാളുകള്‍ക്കുളളില്‍ പരമാവധി 75 പേര്‍ക്കും തുറസായ സ്ഥലങ്ങളില്‍ 150 പേര്‍ക്കും മാത്രമായിരിക്കും പ്രവേശനം. മരണാനന്തരചടങ്ങുകള്‍ക്ക് പരമാവധി 50 പേര്‍ക്ക് പങ്കെടുക്കാം. ചടങ്ങുകളില്‍ ആകെ പങ്കെടുക്കാവുന്നവരുടെ എണ്ണമാണ് ഇത്. വിവാഹ ചടങ്ങുകളില്‍ പങ്കെടുക്കാന്‍ പോകുന്നവര്‍ യാത്ര ചെയ്യുമ്പോള്‍ തിരിച്ചറിയല്‍ കാര്‍ഡും ക്ഷണക്കത്തും കരുതണം. ദീര്‍ഘദൂര യാത്ര പൊതുവെ ഒഴിവാക്കേണ്ടതാണ്.

വിവാഹം, മരണം മുതലായ ചടങ്ങുകള്‍, ഏറ്റവും അടുത്ത ബന്ധുവായ രോഗിയെ സന്ദര്‍ശിക്കല്‍, മരുന്ന്, ഭക്ഷണം എന്നിവയ്ക്കായി യാത്ര ചെയ്യാന്‍ അനുവാദമുണ്ട്. എന്നാല്‍, ഇവര്‍ സ്വന്തമായി തയ്യാറാക്കിയ സത്യപ്രസ്താവന കൈയ്യില്‍ കരുതണം. ഇതിന് പ്രത്യേക മാതൃക ഇല്ല.'

ശനി, ഞായര്‍ ദിവസങ്ങളില്‍ ട്രെയിന്‍, വിമാന സര്‍വീസുകള്‍ പതിവുപോലെ ഉണ്ടായിരിക്കും. പൊലീസ് പരിശോധനാ സമയത്ത് യാത്രക്കാര്‍ക്ക് ടിക്കറ്റ് അഥവാ ബോര്‍ഡിങ് പാസും തിരിച്ചറിയല്‍ കാര്‍ഡും കാണിക്കാവുന്നതാണ്. ശനി, ഞായര്‍ ദിവസങ്ങളില്‍ ഹോട്ടലുകള്‍ക്കും റെസ്റ്റോറന്റുകള്‍ക്കും ഹോം ഡെലിവറി നടത്താം. വളരെ അത്യാവശ്യഘട്ടങ്ങളില്‍ പൊതുജനത്തിന് ഹോട്ടലുകളില്‍ പോയി ഭക്ഷണം വാങ്ങാവുന്നതാണ്. ഇതിനായി സത്യപ്രസ്താവന കയ്യില്‍ കരുതണം. ടെലികോം, ഐടി, ആശുപത്രികള്‍, മാധ്യമസ്ഥാപനങ്ങള്‍, പാല്‍, പത്രവിതരണം, ജലവിതരണം, വൈദ്യുതി എന്നിവയുമായി ബന്ധപ്പെട്ട സ്ഥാപനങ്ങള്‍ ഈ ദിവസങ്ങളില്‍ പ്രവര്‍ത്തിക്കും. വീടുകളില്‍ മത്സ്യം എത്തിച്ച് വില്‍പ്പന നടത്തുന്നതിന് തടസമില്ല.