Skip to main content

പകലില്ലാത്ത നിയന്ത്രണം കൊണ്ട് രാത്രി എന്താണ് പ്രയോജനം എന്ന ചോദ്യം രാത്രി 9 മണിക്ക് ശേഷം നിയന്ത്രണങ്ങള്‍ പ്രഖ്യാപിച്ചപ്പോള്‍ വളരെ അധികം ഉയര്‍ന്നു കേട്ട ഒന്നാണ്. രാത്രി 9 മണിക്ക് ശേഷമാണോ കൊറോണ ആളെപ്പിടിക്കാന്‍ ഇറങ്ങുന്നത് എന്ന സംശയങ്ങളും പലരും പറഞ്ഞുകേട്ടിരുന്നു. എന്നാല്‍ രാത്രി നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയതില്‍ ആരോഗ്യപ്രവര്‍ത്തകര്‍ക്ക് കൃത്യമായ ഉത്തരമുണ്ട്. 

കൊവിഡ് രണ്ടാംതരംഗം രൂക്ഷമായതിനെത്തുടര്‍ന്ന് ജനങ്ങള്‍ക്കുള്ള ശക്തമായ മുന്നറിയിപ്പാണ് കര്‍ഫ്യു എന്ന് സാമൂഹിക സുരക്ഷാ മിഷന്‍ എക്സിക്യുട്ടീവ് ഡയറക്ടര്‍ ഡോ. മുഹമ്മദ് അഷീല്‍ പറയുന്നു. ഗുരുതരമായ പ്രശ്‌നം നമുക്കു ചുറ്റുമുണ്ടെന്ന സന്ദേശമാണ് കര്‍ഫ്യു നല്‍കുന്നത്. ആദ്യപടിയായി ജനങ്ങള്‍ക്ക് ബുദ്ധിമുട്ടു കുറഞ്ഞ സമയത്ത് നടപ്പാക്കുന്നു എന്നേയുള്ളൂ. നിയന്ത്രണങ്ങള്‍ പാലിച്ചില്ലെങ്കില്‍ സമ്പൂര്‍ണ ലോക്ഡൗണിലേക്ക് പോകേണ്ടിവരും. ഈ സന്ദേശം ജനങ്ങള്‍ ഉള്‍ക്കൊള്ളണം. ഡല്‍ഹിയിലും മറ്റും കര്‍ഫ്യുവിനെത്തുടര്‍ന്ന് ലോക്ഡൗണ്‍ ഏര്‍പ്പെടുത്തേണ്ടിവന്നു.

അത്യാവശ്യമല്ലാത്ത യാത്രകള്‍ ഒഴിവാക്കുകയെന്നതാണ് മറ്റൊരു സന്ദേശം. ജോലിക്കും മറ്റ് ജീവിതമാര്‍ഗത്തിനുമായി കൂടുതല്‍ പേരും പകലാണ് യാത്രചെയ്യുക. രാത്രിയാത്രകളും ഒത്തുചേരലുകളും അത്രതന്നെ അനിവാര്യമല്ല. ഒഴിവാക്കാന്‍പറ്റാത്ത സാഹചര്യത്തില്‍ യാത്രചെയ്യേണ്ടവര്‍ക്ക് രാത്രിയും അനുമതിയുണ്ട്. ആളുകള്‍ കൂട്ടംചേരുന്ന സാഹചര്യം എത്രയും കുറച്ചാല്‍ അത്രയും നന്നായിരിക്കുമെന്നാണ് ആരോഗ്യവിദഗ്ധര്‍ക്ക് പറയാനുള്ളത്.