Skip to main content

മുഖ്യമന്ത്രി പിണറായി വിജയനുള്‍പ്പടെ തനിക്ക് വഴികാട്ടിയായവര്‍ക്കും ഒപ്പം നിന്നവര്‍ക്കുമെല്ലാം നന്ദി പറഞ്ഞ് കെ.ടി.ജലീല്‍. പിതൃ വാല്‍സല്യത്തോടെ സ്നേഹിച്ചും ശാസിച്ചും ഉപദേശിച്ചും മുഖ്യമന്ത്രി നടത്തിയ ഇടപെടലുകള്‍ ജീവിതത്തില്‍ മറക്കാനാകില്ലെന്ന് ഫെയ്സ്ബുക്കില്‍ പങ്കുവെച്ച കുറിപ്പില്‍ ജലീല്‍ പറയുന്നു. സഖാവ് കോടിയേരിയും വിജയരാഘവനും സഹോദര സ്ഥാനീയരായാണ് എപ്പോഴും പെരുമാറിയത്. സര്‍ക്കാരിന്റേയോ ഏതെങ്കിലും വ്യക്തികളുടേതോ ഒരു നയാപൈസപോലും തന്റെ കയ്യില്‍ പറ്റാതത്ര സൂക്ഷ്മത പുലര്‍ത്തിയിട്ടുണ്ട് എന്ന കൃതാര്‍ത്ഥതയോടു കൂടിയാണ് തന്റെ നാട്ടിലേക്കുള്ള മടക്കമെന്നും അദ്ദേഹം കുറിപ്പില്‍ പറയുന്നു. ബന്ധുനിയമന വിവാദവുമായി ബന്ധപ്പെട്ട ലോകായുക്ത വിധിയെത്തുടര്‍ന്ന് കഴിഞ്ഞ ദിവസം കെ.ടി.ജലീല്‍ മന്ത്രിസ്ഥാനം രാജിവെച്ചിരുന്നു.

കെ.ടി ജലീലിന്റെ ഫെയ്‌സ്ബുക്ക് കുറിപ്പ്;

നന്ദി നന്ദി നന്ദി..... ഇന്നലെ തിരുവനന്തപുരത്ത് നിന്ന് യാത്ര പുറപ്പെടുന്നതിന് മുമ്പാണ് എക്കൗണ്ടില്‍ എത്ര രൂപ മിച്ചമുണ്ടെന്ന് പരിശോധിച്ചത്. പത്തു വര്‍ഷത്തെ MLA ശമ്പളവും 5 വര്‍ഷത്തെ മന്ത്രി ശമ്പളവും മാസാമാസം ആവശ്യത്തിനുള്ളത് എടുത്തിട്ട് ട്രഷറി എക്കൗണ്ടില്‍ ശേഷിപ്പ്, കഴിഞ്ഞ മാസത്തെ ശമ്പളമുള്‍പ്പടെ രണ്ടുലക്ഷത്തി പതിനായിരത്തോളം രൂപയാണ്. നിയമസഭാ സാമാജികര്‍ക്കുള്ള ലോണ്‍ വകയില്‍ എടുത്ത 5 ലക്ഷം രൂപയിലേക്ക് ഇനി തിരിച്ചടക്കാനുള്ള ഒരു ലക്ഷം രൂപ തിരിച്ചടച്ച് പുരയിടത്തിന്റെ ആധാരം കൈപ്പറ്റിയാല്‍ ബാക്കിയുണ്ടാവുക ഒരു ലക്ഷത്തി പതിനായിരം രൂപ. ഒരു നയാപൈസ സര്‍ക്കാരിന്റേയോ ഏതെങ്കിലും വ്യക്തികളുടേതോ ഒരു കണികയെങ്കിലും എന്റെ കയ്യില്‍ പറ്റാതത്ര സൂക്ഷ്മത പുലര്‍ത്തിയിട്ടുണ്ട് എന്ന കൃതാര്‍ത്ഥതയോടു കൂടിയാണ് നാട്ടിലേക്കുള്ള മടക്കം. മറിച്ചൊരഭിപ്രായം ആര്‍ക്കെങ്കിലുമുണ്ടെങ്കില്‍ അവര്‍ക്കത് പരസ്യമായി പറയാം. 

ബഹുമാനപ്പെട്ട മുഖ്യമന്ത്രിയോടുള്ള കടപ്പാട് തീര്‍ത്താല്‍ തീരാത്തതാണ്. പിതൃ വാല്‍സല്യത്തോടെ സ്നേഹിച്ചും ശാസിച്ചും ഉപദേശിച്ചും അദ്ദേഹം നടത്തിയ ഇടപെടലുകള്‍ ജീവിതത്തില്‍ മറക്കാനാകില്ല. മന്ത്രിസഭയിലെ എല്ലാ അംഗങ്ങളും പ്രകടിപ്പിച്ച ഐക്യദാര്‍ഢ്യവും സഹകരണവും എടുത്തു പറയേണ്ടതാണ്. സഖാവ് കോടിയേരിയും വിജയരാഘവനും സഹോദര സ്ഥാനീയരായാണ് എപ്പോഴും പെരുമാറിയത്. ഞാന്‍ തദ്ദേശ വകുപ്പ് കൈകാര്യം ചെയ്തപ്പോഴും ഉന്നതവിദ്യാഭ്യാസ മന്ത്രിയായപ്പോഴും ഉദ്യോഗസ്ഥരും എന്റെ പേഴ്സണല്‍ സ്റ്റാഫും സെക്രട്ടേറിയേറ്റ് ജീവനക്കാരും മികവുറ്റ നിലയിലാണ്  പ്രവര്‍ത്തിച്ചത്. അവരുടെ നിസ്സീമമായ പിന്തുണ ഇല്ലായിരുന്നുവെങ്കില്‍ പല പരിഷ്‌കാരങ്ങളും നിയമ നിര്‍മ്മാണങ്ങളും യാഥാര്‍ത്ഥ്യമാകുമായിരുന്നില്ല. എല്ലാവരോടുമുള്ള സ്നേഹവും നന്ദിയും വാക്കുകള്‍ക്കതീതമാകയാല്‍ അതിവിടെ രേഖപ്പെടുത്താതെ പോകലാകും ഭംഗി.

ഇടതുപക്ഷത്തെ മന്ത്രി എന്ന നിലയില്‍ പരമാവധി ഉപകാരം ജനങ്ങള്‍ക്ക്  ചെയ്യാന്‍ ശ്രമിച്ചിട്ടുണ്ട്. മുന്നിലെത്തുന്ന എല്ലാ അപേക്ഷകളിലും അനുകൂല നടപടി കൈക്കൊള്ളണമെന്നാണ് ആഗ്രഹിച്ചത്. ചിലതെങ്കിലും സാങ്കേതികത്വത്തിന്റെ നൂലാമാലകളില്‍ കുരുങ്ങി ഫലപ്രാപ്തിയിലെത്തിയിട്ടുണ്ടാകില്ല. അവരെന്നോട് ക്ഷമിക്കുമെന്ന് കരുതുതുന്നു. എല്ലാവരേയും സഹായിക്കാനാണ് ശ്രമിച്ചത്. മറിച്ചൊരനുഭവം അറിയാതെയാണെങ്കിലും ആരോടെങ്കിലുമുണ്ടായിട്ടുണ്ടെങ്കില്‍ സദയം പൊറുത്താലും. എന്റെ നിയോജക മണ്ഡലത്തിലേതുള്‍പ്പെടെ ഞാന്‍ സ്നേഹിച്ച എന്നെ സ്നേഹിച്ച നാട്ടിലെ എല്ലാ ജനങ്ങളോടുമുള്ള കൂറും സ്നേഹവും മനസ്സിന്റെ മണിച്ചെപ്പില്‍ ഒരു അമൂല്യ നിധിയായി എന്നും സൂക്ഷിക്കും. അല്‍പം വൈകിയെങ്കിലും എല്ലാവര്‍ക്കും വിഷുദിനാശംസകള്‍ നേരുന്നു.