Skip to main content

സമൂഹമാധ്യമത്തില്‍ എങ്ങും റാസ്പുടിന്‍ തരംഗമാണ്. റാസ്പുടിന്‍ ഗാനം കേരള സര്‍ക്കാറും ഏറ്റെടുത്തിരിക്കുകയാണ്. കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി തയ്യാറാക്കിയ വീഡിയോയുടെ അകമ്പടി ഗാനമാണ് റാസ്പുടിന്‍. മെഡിക്കല്‍ വിദ്യാര്‍ഥികളായ നവീന്‍ റസാഖും ജാനകി ഓം കുമാറും തൃശൂര്‍ മെഡിക്കല്‍ കോളേജ് വരാന്തയില്‍ വച്ച് റാസ്പുടിന്‍ ഗാനത്തിന് വച്ച ചുവടുകള്‍ക്ക് വന്‍സ്വീകാര്യതയാണ് ലഭിച്ചത്. ഇതോടെ വീഡിയോ വൈറല്‍ ആകുകയും ഇരുവരുടെയും നൃത്തം ഏവരും ഏറ്റെടുക്കുകയും ചെയ്തു. എന്നാല്‍ ഇവരുടെ പേരുകളില്‍ നിന്ന് വീഡിയോയ്ക്ക് മതം കലര്‍ത്താന്‍ ചിലര്‍ ശ്രമിച്ചെങ്കിലും നിരവധി പേര്‍ നവീനും ജാനകിക്കും പിന്തുണയുമായി എത്തിയിരുന്നു. ഇതോടെ സമൂഹമാധ്യമങ്ങളില്‍ റാസ്പുടിന്‍ തരംഗം തീര്‍ക്കുകയും ചെയ്തു.

വാക്‌സിനേഷന്റെ പ്രാധാന്യത്തെക്കുറിച്ച് അവബോധം പകരുകയാണ് കേരള സര്‍ക്കാര്‍ പുറത്തിറക്കിയ വീഡിയോയുടെ ലക്ഷ്യം. കൊവാക്‌സിന്‍, കൊവിഷീല്‍ഡ് എന്നെഴുതിയ രണ്ടു വയലുകള്‍( vials) റാസ്പുടിന്‍ ഗാനത്തിന് നൃത്തം ചെയ്യുന്നതാണ് വീഡിയോയിലുള്ളത്. അടുത്തുള്ള വാക്‌സിനേഷന്‍ കേന്ദ്രത്തില്‍ നിന്നും വാക്‌സിനെടുക്കൂ എന്നും വീഡിയോയില്‍ കുറിച്ചിട്ടുണ്ട്. എന്തായാലും റാസ്പുടിന്‍ നൃത്തം ഏറ്റെടുത്ത സമൂഹമാധ്യമം പുതിയ വീഡിയോയെയും ഇരുകൈയും നീട്ടി സ്വീകരിച്ചിട്ടുണ്ട്.