Skip to main content

'റാസ്പുടിന്‍' പാട്ടിന് ചുവടുവെച്ച് വൈറലായ നവീനിനും ജാനകിക്കും പിന്തുണയുമായി മില്‍മ. ഫേസ്ബുക് പേജിലാണ് ഇരുവരുടെയും കാരിക്കേച്ചര്‍ പങ്കുവെച്ച് മില്‍മ പിന്തുണ പ്രഖ്യാപിച്ചത്. ഇരുവരോടും ഡാന്‍സ് തുടരൂവെന്നും മില്‍മ പറയുന്നു. ഹൃദയങ്ങളില്‍ തീ നിറയ്ക്കുമ്പോള്‍ ഉള്ളു തണുപ്പിക്കാന്‍ മില്‍മ' എന്നാണ് കാരിക്കേച്ചറിനൊപ്പം കുറിച്ചിട്ടുള്ളത്. ഇരുവരുടെയും ഡാന്‍സ് വൈറല്‍ ആയതിനെ തുടര്‍ന്ന് 'ലൗ ജിഹാദ്' ആരോപണവുമായി ചിലര്‍ സോഷ്യല്‍ മീഡിയയില്‍ രംഗത്ത് വന്നിരുന്നു. ഇതിനു പിന്നാലെ നിരവധി പേര്‍ വിദ്യാര്‍ഥികള്‍ക്ക് പിന്തുണയുമായി രംഗത്ത് വന്നിരുന്നു. റെസിസ്റ്റ് ഹേറ്റ് എന്ന പേരില്‍ തൃശൂര്‍ മെഡിക്കല്‍ കോളേജിലെ വിദ്യാര്‍ഥികള്‍ ക്യാമ്പയിന്‍ തന്നെ തുടങ്ങിയിരുന്നു. ഈ സാഹചര്യത്തിലാണ് മില്‍മയും ഇരുവര്‍ക്കും പിന്തുണ പ്രഖ്യാപിച്ചത്.

തിരുവനന്തപുരം സ്വദേശിയായ ജാനകി മൂന്നാം വര്‍ഷ എം.ബി.ബി.എസ് വിദ്യാര്‍ഥിയും മാനന്തവാടി സ്വദേശിയായ നവീന്‍ നാലാം വര്‍ഷ വിദ്യാര്‍ഥിയുമാണ്. ബോണി എം ബാന്‍ഡിന്റെ 'റാ റാ റാസ്പുടിന്‍ ലവര്‍ ഓഫ് ദ റഷ്യന്‍ ക്വീന്‍' എന്ന് തുടങ്ങുന്ന ഗാനത്തിനാണ് ഇവര്‍ ചുവടുവെച്ചത്.