Skip to main content

വാളയാറില്‍ സഹോദരിമാര്‍ കൊല്ലപ്പെട്ട കേസന്വേഷണം സി.ബി.ഐ ഏറ്റെടുത്തു. പാലക്കാട് പോക്‌സോ കോടതിയില്‍ എഫ്.ഐ.ആര്‍ സമര്‍പ്പിച്ചു. സി.ബി.ഐ തിരുവനന്തപുരം യൂണിറ്റ് ഡി.വൈ.എസ്.പി അനന്തകൃഷ്ണനാണ് അന്വേഷണ ചുമതല. പോക്‌സോ, എസ്.സി/എസ്.ടി നിയമം, കൊലപാതകം എന്നീ കുറ്റങ്ങള്‍ ചുമത്തിയാണ് എഫ്.ഐ.ആര്‍ രേഖപ്പെടുത്തിയിരിക്കുന്നത്. ജനുവരി 26 നാണ് കേസ് സി.ബി.ഐക്ക് വിട്ട് സര്‍ക്കാര്‍ വിജ്ഞാപനം ഇറക്കിയത്. രക്ഷിതാക്കളുടെ ആവശ്യം പരിഗണിച്ചായിരുന്നു സര്‍ക്കാര്‍ കേസ് സി.ബി.ഐക്ക് വിട്ടത്.

കേസ് എത്രയും വേഗം ഏറ്റെടുത്ത് സി.ബി.ഐ അന്വേഷണം ആരംഭിക്കണമെന്ന് ഹൈക്കോടതി വിധിച്ചിരുന്നു. പത്ത് ദിവസത്തിനകം കേസിന്റെ എല്ലാ രേഖകളും സി.ബി.ഐയ്ക്ക് കൈമാറാന്‍ ഹൈക്കോടതി സംസ്ഥാന സര്‍ക്കാരിന് നിര്‍ദ്ദേശവും നല്‍കിയിരുന്നു. പ്രതികളെ വെറുതെ വിട്ട ഉത്തരവ് ജനുവരി ആറിന് ഹൈക്കോടതി റദ്ദാക്കിയിരുന്നു. വിചാരണക്കോടതി ഉത്തരവാണ് റദ്ദാക്കിയത്. കുട്ടികളുടെ അമ്മയുടേയും സര്‍ക്കാരിന്റേയും അപ്പീല്‍ അംഗീകരിച്ചുകൊണ്ടാണ് വിധി റദ്ദാക്കിയത്.

2017 ജനുവരി 13, മാര്‍ച്ച് 4 എന്നീ തിയതികളിലാണ് വാളയാര്‍ അട്ടപ്പളളത്തെ സഹോദരിമാരെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. പ്രതികളായ വി മധു, ഷിബു, എം മധു, പ്രദീപ് എന്നിവരെ 2019 ല്‍ പാലക്കാട് പോക്‌സോ കോടതി വെറുതെ വിട്ടു. വിധിക്കെതിരെയുളള അപ്പീലിന്‍മേല്‍ വാദം നടക്കുന്നതിനിടെ പ്രദീപ് ആത്മഹത്യ ചെയ്തിരുന്നു.