വിയര്‍പ്പുതുള്ളികളെ പ്രയോജനപ്പെടുത്തി ശരീരത്തിലുണ്ടാകുന്ന രോഗാവസ്ഥകളെയും മാറ്റങ്ങളെയും പറ്റി മുന്‍കൂട്ടി സൂചനകള്‍ ലഭിക്കുന്ന ബയോസെന്‍സര്‍ സാങ്കേതികവിദ്യ വികസിപ്പിച്ച് തിരുവനന്തപുരം സ്വദേശിയായ ഗവേഷകന് ഡോ എ.എം വിനു മോഹന്‍. വിയര്‍പ്പിന്റെ പി.എച്ച് മൂല്യം, സോഡിയം, പൊട്ടാസ്യം- തോത് തുടങ്ങിയ വിവരങ്ങള്‍ തിരിച്ചറിഞ്ഞ് ശരീര ആരോഗ്യത്തെ കുറിച്ച് മനസ്സിലാക്കാന്‍ പറ്റുന്ന ചെലവുകുറഞ്ഞ ബയോ സെന്‍സറുകളാണ് മോഹനും സംഘവും വികസിപ്പിച്ചത്. വിയര്‍പ്പിലെ ബയോ മാര്ക്കറുകളായ രാസവസ്തുക്കളുടെ ഗാഢതയിലും അളവിലുമുണ്ടാകുന്ന വ്യതിയാനങ്ങള്‍ മനസ്സിലാക്കിയാല്‍ ശരീരത്തിനുണ്ടാകുന്ന മാറ്റങ്ങള്‍ തിരിച്ചറിയാനാവും.
ശരീരത്തില്‍ ഒട്ടിച്ചു നിര്‍ത്താവുന്ന സെന്സറുകള്ക്കുള്ളില് വിയര്‍പ്പിലെ ഈര്‍പ്പം തിരിച്ചറിയുന്ന സര്‍ക്യൂട്ട് ബോര്‍ഡുകളുണ്ട്. വ്യായാമവും മറ്റും ചെയ്യുന്ന സമയത്തും ഇത് ത്വക്കിനോടു ചേര്‍ന്ന് നിന്ന് ഓക്സിജന്റെയും ജലാംശത്തിന്റെയും തോതിലുണ്ടാകുന്ന വ്യതിയാനങ്ങള്‍ തത്സമയം സിഗ്നലുകളായി അറിയിക്കുന്നതിനുള്ള വിപുലീകൃത സെന്‍സറുകളും വൈകാതെ വികസിപ്പിക്കാനാവുമെന്നാണ് പ്രതീക്ഷ.
തിരുവനന്തപുരം പുതിയതുറ പമ്പുകാലാ ജിജി ഭവനില്‍ പി. മോഹനന്റെയും എസ്. അല്ലിഭായിയുടെയും മകനാണ്. തമിഴ്നാട്ടിലെ കാരൈക്കുടിക്കടുത്ത് സെന്‍ട്രല്‍ ഇലക്ട്രോകെമിക്കല്‍ റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ടിലെ ഗവേഷകനായ വിനു മോഹന്റെ പഠനം എസിഎസ് സെന്‍സേഴ്സ് എന്ന രാജ്യാന്തര ജേണലിലാണ് പ്രസിദ്ധീകരിച്ചത്.