കൊവിഡിന്റെ രണ്ടാം വരവിനെ ഫലപ്രദമായി തടയാനായി പ്രാരംഭകാലത്തെ റൂട്ട്മാപ്പും സമ്പര്‍ക്കപ്പട്ടികയും മടങ്ങിവരുന്നു. നടപടി കര്‍ശനമാക്കാന്‍ ഒരുങ്ങുകയാണ് ആരോഗ്യവകുപ്പ്. ആദ്യഘട്ടത്തില്‍ സ്വീകരിച്ചതുപോലെ കൃത്യതയോടെ റൂട്ട്മാപ്പും സമ്പര്‍ക്കപ്പട്ടികയും തയ്യാറാക്കാനാണ് ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് നല്കിയ നിര്‍ദേശം. തിരഞ്ഞെടുപ്പ് കാലത്ത് നിയന്ത്രണാതീതമായി ആള്‍ക്കൂട്ടങ്ങളുണ്ടാകാനുള്ള സാധ്യത പരിഗണിച്ച് കൂടുതല്‍ കര്‍ശന നടപടി വേണ്ടിവരും എന്ന കണക്കുകൂട്ടലിലാണിത്. പുതിയ രോഗികളുടെ റൂട്ട് മാപ്പ് തയ്യാറാക്കി സമ്പര്‍ക്ക പട്ടികയിലുള്ള മുഴുവന്‍പേരെയും ആര്.ടി.പി.സി.ആര്. പരിശോധനയ്ക്ക് വിധേയമാക്കുന്നതിന് ക്രമീകരണം ഏര്‍പ്പെടുത്താന്‍ ജില്ലാ കളക്ടര്‍മാര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്.
കൊവിഡിന്റെ രണ്ടാംവരവ് ആദ്യഘട്ടത്തേക്കാള്‍ ഗുരുതരമാകാന്‍ സാധ്യതയുള്ളതിനാല്‍ രോഗനിയന്ത്രണ പ്രവര്‍ത്തനങ്ങളായ സ്രവ പരിശോധന, യാത്രകള്‍ക്ക് ശേഷമുള്ള സ്വയം നിരീക്ഷണം, എസ്.എം.എസ് പാലിക്കല്‍(സാമൂഹിക അകലം, മാസ്ക് ധരിക്കല്‍, സാനിറ്റൈസിങ്), സമ്പര്‍ക്കപട്ടിക വെളിപ്പെടുത്തല്‍ എന്നിവയോട് പൊതുജനങ്ങള്‍ സഹകരിക്കണമെന്ന് നിര്‍ദേശിച്ചിട്ടുണ്ട്. ജനസംഖ്യയില്‍ ഗണ്യമായ വിഭാഗത്തില്‍ ഉള്‍പ്പെട്ട മുതിര്‍ന്ന പൗരന്മാരും ജീവിതശൈലി രോഗമുള്ളവരും അനാവശ്യമായ യാത്രകള്‍, കൂടിച്ചേരലുകള്‍ തുടങ്ങിയവ ഒഴിവാക്കി രോഗവ്യാപനം തടയാന്‍ സ്വയംനിയന്ത്രണങ്ങള്‍ പാലിക്കണമെന്നും അറിയിപ്പുണ്ട്.
എല്ലാ ജില്ലയിലും സഞ്ചരിക്കുന്ന ആര്.ടി.പി.സി.ആര് ലാബിന്റെ സേവനം പ്രയോജനപ്പെടുത്തി പരിശോധനകളുടെ എണ്ണം വര്‍ധിപ്പിക്കാനാണ് തീരുമാനം. ഒരു മൊബൈല്‍ ലാബിന് പരമാവധി അഞ്ച് സംഘങ്ങളായി വിവിധ സ്ഥലങ്ങളില്‍ ഒരേസമയം പരിശോധന നടത്താനും പ്രതിദിനം ശരാശരി രണ്ടായിരം സാമ്പിളുകളുടെ ഫലം 24 മണിക്കൂറിനുള്ളില്‍ പ്രഖ്യാപിക്കാനും കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്. പരിശോധനാ സ്ഥലങ്ങള്‍ മുന്‍കൂര്‍ അറിയിച്ച് പൊതുജനങ്ങള്‍ക്ക് സൗകര്യമൊരുക്കാനാണ് തീരുമാനം.