പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഉന്നയിച്ച ആരോപണങ്ങള്‍ ശരിവെച്ച് മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണര്‍ ടിക്കാറാം മീണ. ഇരട്ട വോട്ട്, കള്ളവോട്ട് തുടങ്ങിയവ സംബന്ധിച്ച് ചില രാഷ്ട്രീയപാര്‍ട്ടികളുടെ നേതാക്കളില്‍ നിന്ന് പരാതി ലഭിച്ചിരുന്നു. ഇതില്‍ ജില്ലാ കളക്ടര്‍മാര്‍ നടത്തിയ പ്രാഥമിക അന്വേഷണത്തില്‍ പരാതിയില്‍ ഉന്നയിച്ച കാര്യങ്ങള്‍ ഒരു പരിധിവരെ വാസ്തവമാണെന്ന് തെളിഞ്ഞു. ആയിരക്കണക്കിന് വ്യാജവോട്ടുകള്‍ കണ്ടെത്തിയെന്നും ടിക്കാറാം മീണ വ്യക്തമാക്കി. രാഷ്ട്രീയ പാര്‍ട്ടികള്‍ ഉറങ്ങിപ്പോയെന്നും ഇപ്പോഴാണ് ഉണര്‍ന്നതെന്നും ടിക്കറാം മീണ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
ഇരട്ടവോട്ട് കാലാകാലങ്ങളായുള്ള പ്രശ്നങ്ങളാണെന്നും പലസ്ഥലങ്ങളിലും ബി.ല്‍.ഒമാര്‍ നേരിട്ട് പരിശോധന നടത്താത്തതാണ് വോട്ട് ഇരട്ടിക്കലിന് കാരണമെന്നും കാസര്‍കോട് കുമാരി എന്ന പേരില്‍ അഞ്ച് കാര്‍ഡ് കണ്ടെത്തിയതായും ഇതില്‍ നാലെണ്ണം നശിപ്പിച്ചുവെന്നും സംഭവത്തിന് ഉത്തരവാദിയായ ഉദ്യോഗസ്ഥനെ സസ്പെന്‍ഡ് ചെയ്തതായും അദ്ദേഹം വ്യക്തമാക്കി. ഇരട്ടവോട്ട്, കള്ളവോട്ട് സംബന്ധിച്ച് എല്ലാ മണ്ഡലങ്ങളിലും അന്വേഷണം നടത്തുമെന്നും അദ്ദേഹം പറഞ്ഞു.