Skip to main content

ഗുരുവായൂര്‍, തലശ്ശേരി, ദേവികുളം മണ്ഡലങ്ങളിലെ എന്‍.ഡി.എ സ്ഥാനാര്‍ഥികളുടെ നാമനിര്‍ദേശ പത്രിക തള്ളിയ വിഷയത്തില്‍ എന്‍.ഡി.എയ്ക്ക് വന്‍ തിരിച്ചടി. പത്രിക തള്ളിയ വിഷയത്തില്‍ ഇടപെടാനാകില്ലെന്ന് ഹൈക്കോടതി വ്യക്തമാക്കി. ഹര്‍ജികളില്‍ ഇടപെടാനുള്ള പരിമിതിയാണ് ഹൈക്കോടതി ചൂണ്ടിക്കാണിച്ചിരിക്കുന്നത്. തിരഞ്ഞെടുപ്പ് നടപടിക്രമങ്ങള്‍ തുടങ്ങിക്കഴിഞ്ഞ ശേഷം ഇത്തരം ഹര്‍ജികളില്‍ ഇടപെടുന്നതിന് കോടതിക്ക് നിയമപരമായ പരിമിതികളുണ്ടെന്നാണ് ഹൈക്കോടതി വ്യക്തമാക്കിയിരിക്കുന്നത്. ഇതോടെ മൂന്ന് മണ്ഡലങ്ങളില്‍ എന്‍.ഡി.എയ്ക്ക് സ്ഥാനാര്‍ഥികളില്ലാതായി. പത്രിക തള്ളിയതിനെതിരായി സ്ഥാനാര്‍ഥികള്‍ സമര്‍പ്പിച്ച ഹര്‍ജി തള്ളണമെന്ന് ആവശ്യപ്പെട്ട് തിരഞ്ഞെടുപ്പ് കമ്മിഷന്‍ ഇന്ന് കോടതിയില്‍ സത്യവാങ്മൂലം നല്‍കിയിരുന്നു. 

ഗുരുവായൂരിലെ ബി.ജെ.പി. സ്ഥാനാര്‍ഥി അഡ്വ. നിവേദിത സുബ്രഹ്‌മണ്യന്‍, തലശ്ശേരിയിലെ ബി.ജെ.പി. സ്ഥാനാര്‍ത്ഥി എന്‍. ഹരിദാസ്, ദേവികുളത്തെ എ.ഐ.എ.ഡി.എം.കെ. സ്ഥാനാര്‍ഥി ധനലക്ഷ്മി എന്നിവരാണ് പത്രിക തള്ളിയ വരണാധികാരികളുടെ നടപടിക്കെതിരെ ഹൈക്കോടതിയെ സമീപിച്ചത്.