Skip to main content

കോണ്‍ഗ്രസില്‍ നിന്ന് രാജിവെച്ച കെ.പി.സി.സി ഉപാദ്ധ്യക്ഷ കെ.സി റോസകുട്ടി സി.പി.ഐ.എമ്മില്‍. ഇടത്പക്ഷത്തിനൊപ്പം പ്രവര്‍ത്തിക്കുമെന്നും എല്ലാ മണ്ഡലങ്ങളിലും പ്രചരണത്തിനെത്തുമെന്നും കെ.സി റോസക്കുട്ടി പറഞ്ഞു. സി.പി.ഐ.എം നേതാവ് പി.കെ ശ്രീമതിയുമായി ചര്‍ച്ച നടത്തിയ ശേഷമാണ് തീരുമാനം. മധുരം നല്‍കിയാണ് റോസക്കുട്ടിയെ ശ്രീമതി ടീച്ചര്‍ പാര്‍ട്ടിയിലേക്ക് സ്വാഗതം ചെയ്തത്. കല്‍പ്പറ്റയിലെ ഇടതുമുന്നണി സ്ഥാനാര്‍ത്ഥി എം.വി ശ്രേയാംസ്‌കുമാറും റോസക്കുട്ടിയെ കാണാനെത്തിയിരുന്നു.

അല്‍പസമയം മുന്‍പാണ് കെ.പി.സി.സി വൈസ് പ്രസിഡന്റ് കെ.സി റോസക്കുട്ടി കോണ്‍ഗ്രസില്‍ നിന്ന് രാജിവച്ചത്. കല്‍പറ്റ സീറ്റ് സംബന്ധിച്ച് പാര്‍ട്ടിയുമായി ഇടഞ്ഞ് നില്‍ക്കുകയായിരുന്നു റോസക്കുട്ടി. നാല് പതിറ്റാണ്ടുകള്‍ പാര്‍ട്ടിക്ക് വേണ്ടി പ്രവര്‍ത്തിച്ച വ്യക്തിയാണ് റോസക്കുട്ടി. കോണ്‍ഗ്രസ് ഇപ്പോള്‍ സ്ത്രീകളോട് കാണിക്കുന്ന അവഗണന അംഗീകരിക്കാനാത്തതാണെന്നും അതില്‍ വലിയ നിരാശയുണ്ടെന്നും പറഞ്ഞു കൊണ്ടാണ് രാജി പ്രഖ്യാപിച്ചത്. വനിതാ കമ്മീഷന്‍ മുന്‍ അധ്യക്ഷയും ബത്തേരി മുന്‍ എം.എല്‍.എയുമാണ് കെ.സി റോസക്കുട്ടി. മഹിളാ കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനം രാജിവെച്ച ലതികാ സുഭാഷിന് റോസക്കുട്ടി ഐക്യധാര്‍ഡ്യവും പ്രഖ്യാപിച്ചു.