Skip to main content

ഒടുവില്‍ കോണ്‍ഗ്രസിന് ധര്‍മ്മടം മണ്ഡലത്തില്‍ സ്ഥാനാര്‍ത്ഥിയായി. കെ സുധാകരന്‍ മത്സരിക്കാനില്ലെന്ന് ആവര്‍ത്തിച്ച് വ്യക്തമാക്കിയതിന് പിന്നാലെ ഡി.സി.സി സെക്രട്ടറി സി രഘുനാഥ് സ്ഥാനാര്‍ത്ഥിത്വത്തിന് അംഗീകാരം. ഔദ്യോഗിക പ്രഖ്യാപനം വരുന്നതിന് മുമ്പ് രഘുനാഥ് പത്രിക സമര്‍പ്പിച്ചു. ധര്‍മ്മടത്ത് കരുത്തനും ശക്തനുമായ സ്ഥാനാര്‍ത്ഥി വരുമെന്ന് കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രനും രാവിലെ അറിയിച്ചിരുന്നു.

ധര്‍മ്മടത്ത് കെ സുധാകരനാണ് രഘുനാഥിനെ നിര്‍ദേശിച്ചിരുന്നത്. കെ സുധാകരന്‍ എം.പിയുടെ നിര്‍ദേശ പ്രകാരം കണ്ണൂര്‍ ഡി.സി.സി തയ്യാറാക്കിയ പട്ടികയില്‍ ഒന്നാമതുള്ള പേര് സി രഘുനാഥിന്റേതായിരുന്നു. എ ഗ്രൂപ്പ് നേതാവാണ് രഘുനാഥെങ്കിലും കെ.സുധാകരനുമായി അടുത്ത ബന്ധമാണുള്ളത്. ഘടകകക്ഷികളായ മുസ്ലിംലീഗും സി.എം.പിയും സി.രഘുനാഥിനെ സ്ഥാനാര്‍ത്ഥിയാക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു. കഴിഞ്ഞ മൂന്ന് തെരഞ്ഞെടുപ്പിലും ധര്‍മ്മടം മണ്ഡലത്തിലെ ചുമതല രഘുനാഥിനായിരുന്നു. കഴിഞ്ഞ തവണ മത്സരിച്ച മമ്പറം ദിവാകരന്‍ ഇത്തവണ ധര്‍മ്മടത്ത് സ്ഥാനാര്‍ത്ഥിയാകാനില്ലെന്ന് വ്യക്തമാക്കിയിരുന്നു. 

36905 വോട്ടിന്റെ ഭൂരിപക്ഷത്തിനായിരുന്നു പിണറായി വിജയന്‍ ധര്‍മ്മടത്ത് വിജയിച്ചത്. 4090 വോട്ടിന്റെ ലീഡാണ് ലോക്സഭ തെരഞ്ഞെടുപ്പില്‍ ഇടതുപക്ഷത്തിന് ധര്‍മ്മടം മണ്ഡലത്തിലുണ്ടായിരുന്നത്.