Skip to main content

ബി.ജെ.പി നേതൃത്വത്തിനെതിരെ വീണ്ടും വിമര്‍ശനവുമായി മുതിര്‍ന്ന നേതാവ് ഒ രാജഗോപാല്‍. ബി.ജെ.പിയുടെ പ്രവര്‍ത്തനരീതി മാറ്റണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. ഭരിക്കുന്ന പാര്‍ട്ടിയെന്ന നിലയിലേക്ക് പ്രവര്‍ത്തനം മാറ്റണം. ജനങ്ങള്‍ക്ക് ആവശ്യമുള്ള കാര്യങ്ങള്‍ ചെയ്തുകൊടുക്കാനാകണം . കുറ്റം പറഞ്ഞിട്ടും ആരോപണം ഉന്നയിച്ചിട്ടും കാര്യമില്ല. ജനങ്ങളുടെ ആവശ്യം നിറവേറ്റാനാകണമെന്നും രാജഗോപാല്‍ പറഞ്ഞു. നേരത്തെ നേമം മണ്ഡലത്തെ സ്ഥാനാര്‍ഥി കുമ്മനം രാജശേഖരന്‍ തന്റെ പിന്‍ഗാമിയാണെന്ന് വിശ്വസിക്കുന്നില്ലെന്ന് അദ്ദേഹം പറഞ്ഞിരുന്നു.

സി.പി.ഐ.എം-ബി.ജെ.പി കൂട്ടുകെട്ടിനെക്കുറിച്ച് അറിയില്ല. കോണ്‍ഗ്രസുമായോ സി.പി.ഐ.എമ്മുമായോ ഒരു കൂട്ടുകെട്ടിനുമില്ല. മുഖ്യമന്ത്രി പിണറായി വിജയന്‍ ചെയ്ത നല്ല കാര്യങ്ങളെ ഞാന്‍ അഭിനന്ദിക്കുന്നു. ഞാന്‍ പ്രതിപക്ഷത്ത് തന്നെയാണ്. എല്ലാത്തിനെയും കണ്ണടച്ച് എതിര്‍ക്കുക എന്നുള്ളത് എന്റെ രീതിയല്ല. നല്ല കാര്യങ്ങള്‍ ചെയ്യുമ്പോള്‍ അതിനെ അംഗീകരിക്കുക എന്നതാണ്. തെറ്റ് ചെയ്യുമ്പോള്‍ വിമര്‍ശിക്കുകയും വേണം', അദ്ദേഹം പറഞ്ഞു.