Skip to main content

ഓഖി, രണ്ട് പ്രളയം, കൊറോണ ഇത്തരത്തിലുള്ള ദുരന്തങ്ങള്‍ അടിക്കടി ഏറ്റുവാങ്ങിയിട്ടും കേരളത്തിലെ സംസ്ഥാന സര്‍ക്കാരിന്റെ സാമ്പത്തികസ്ഥിതി വളരെ മെച്ചപ്പെട്ടത് തന്നെയാണ്. ഇത്തരം ദുരന്ത അവസരങ്ങളില്‍ കൊച്ചുകുട്ടികള്‍ തങ്ങളുടെ കുടുക്കയില്‍ സൂക്ഷിച്ചിരുന്ന പണം വരെ പൊട്ടിച്ച് സംസ്ഥാന സര്‍ക്കാരിന്റെ ഖജനാവിലേക്ക് മുതല്‍ക്കൂട്ടിയിട്ടുണ്ട്. അത്തരം സംഭാവനകളെയൊക്കെ നിവൃത്തിയില്ലാത്ത സമയത്ത് കിട്ടിയ സംഭാവന എന്ന മഹത്വത്തില്‍ സമൂഹം കാണുകയും ചെയ്തതാണ്. 

കൊറോണാനന്തര കാലഘട്ടത്തില്‍ സംസ്ഥാന സര്‍ക്കാരിന്റെ ധനസ്ഥിതി അത്യദികം മെച്ചപ്പെട്ട അവസ്ഥയിലാണ് എന്നുള്ളത് ഓരോ മലയാളിക്കും അഭിമാനിക്കാവുന്നതാണ്. ഓരോ ദിവസവും കേരളത്തിലിറങ്ങുന്ന മലയാള ദിനപത്രങ്ങളുടെ പേജിന്റെ എണ്ണം വര്‍ധിച്ചു വരികയാണ്. കൊറോണയെ തുടര്‍ന്ന് പേജിന്റെ എണ്ണം ചുരുങ്ങി ചുരുങ്ങി അസ്ഥികൂടം പോലെ ആയ അവസ്ഥയില്‍ നിന്നാണ് വീണ്ടും പത്രങ്ങള്‍ തടിച്ചു തുടങ്ങിയിരിക്കുന്നത്. ഇതിന്റെ മുഖ്യ കാരണം ഓരോ പത്രത്തിലും സംസ്ഥാന സര്‍ക്കാരിന്റെ നേട്ടങ്ങളെ കുറിച്ചു വന്നുകൊണ്ടിരിക്കുന്ന പരസ്യങ്ങളാണ്. ഇംഗ്ലീഷ് പത്രങ്ങളിലും ഇത് കാണാവുന്നതാണ്. ഇത് സൂചിപ്പിക്കുന്നത് സംസ്ഥാന സര്‍ക്കാരിന്റെ സാമ്പത്തിക സ്ഥിതി വളരെ അധികം മെച്ചപ്പെട്ടു എന്നുള്ളതാണ്. കാരണം ഓരോ പരസ്യങ്ങള്‍ക്കും വേണ്ടി വരുന്ന തുക എന്നുപറയുന്നത് ലക്ഷങ്ങളാണ്.