Skip to main content

നെടുങ്കണ്ടം കസ്റ്റഡി മരണത്തില്‍ പോലീസുകാരെ പിരിച്ചുവിടാനടക്കമുള്ള അന്വേഷണ കമ്മീഷണന്റെ ശുപാര്‍ശകള്‍ മന്ത്രിസഭാ യോഗം അംഗീകരിച്ചു. ഇടുക്കി ജില്ലയിലെ കോലാഹലമേട്ടില്‍ രാജ്കുമാറിന്റെ കസ്റ്റഡി മരണത്തില്‍ ജസ്റ്റിസ് നാരായണ കുറുപ്പിന്റെ കമ്മീഷന്‍ റിപ്പോര്‍ട്ടിലെ ശുപാര്‍ശ അനുസരിച്ചാണ് പോലീസുകാരെ പിരിച്ചുവിടാനുള്ള തീരുമാനം ഉണ്ടായിരിക്കുന്നത്. ഇത് എന്തുകൊണ്ടും സ്വാഗതാര്‍ഹമായ നടപടിയാണ്. നമ്മുടെ നാട്ടില്‍ കസ്റ്റഡി മരണങ്ങള്‍ ആവര്‍ത്തിക്കപ്പെട്ടു കൊണ്ടിരിക്കുകയാണ്. പ്രതികളെ കൈകാര്യം ചെയ്യുന്നതില്‍ പോലീസുകാര്‍ ഇപ്പോഴും പ്രാകൃതമായ രീതികള്‍ പിന്തുടരുന്ന സാഹചര്യമാണ് നമ്മുടെ നാട്ടില്‍ നിലനില്‍ക്കുന്നത്. ഈ ഒരു തീരുമാനത്തിലൂടെ കേരളാ പോലീസിനിടയില്‍ ഒരു പരിവര്‍ത്തനം സൃഷ്ടിക്കാന്‍ കഴിയും എന്ന് പറയാന്‍ കഴിയും. കാരണം സാധാരണ കസ്റ്റഡി കൊലപാതകം നടന്നുകഴിഞ്ഞാല്‍ മേലുദ്യോഗസ്ഥര്‍ കുറ്റത്തില്‍ നിന്ന് തലയൂരുകയും താഴെക്കിടയിലുള്ള ഉദ്യോസ്ഥരെ ബലിയാടാക്കുകയും ചെയ്യുന്ന സാഹചര്യങ്ങളാണ് നിലനിന്നിരുന്നത്. ഇത്തരം കുറ്റകൃത്യങ്ങള്‍ നടന്നാല്‍ അവര്‍ക്ക് സസ്‌പെന്‍ഷന്‍ കൊടുക്കുകയും സസ്‌പെന്‍ഷന്‍ കാലാവധി തീരുന്നതോടെ സംഭവത്തിന്റെ പ്രാധാന്യം നഷ്ടപ്പെടുകയും അവര്‍ ഇതേ പ്രവര്‍ത്തികള്‍ തുടര്‍ന്നു പോരുകയും ചെയ്യുന്നു. ആ ഒരു രീതിക്ക് ഈ സംഭവത്തോടെ മാറ്റം വരുമെന്ന സൂചനയായി ഈ തീരുമാനത്തെ കാണാവുന്നതാണ്. 

നാരായണക്കുറുപ്പ് കമ്മീഷന്‍ പല നിര്‍ദേശങ്ങളും സമര്‍പ്പിച്ചിട്ടുണ്ട്. കസ്റ്റഡി മരണങ്ങളില്‍ ഉത്തരവാദികളായിട്ടുള്ള ഉദ്യോഗസ്ഥരെ വിചാരണ പൂര്‍ത്തിയാക്കാന്‍ കാത്തു നില്‍ക്കാതെ തന്നെ പിരിട്ടു വിടണം എന്നുള്ളതാണ് പ്രധാന നിര്‍ദേശം. തങ്ങള്‍ക്ക് സസ്‌പെന്‍ഷന്‍ മാത്രമെ കിട്ടുകയുള്ളൂ സര്‍വീസില്‍ നിന്ന് പുറത്തുപോകേണ്ടി വരില്ല എന്ന ഒരു ധാരണ പൊതുവെ പോലീസുകാര്‍ക്കിടയിലുണ്ട്. ആ ഒരു ധാരണയെ തുടര്‍ന്നാണ് പലരും ഇത്തരം പ്രവര്‍ത്തികളില്‍ ഏര്‍പ്പെടുന്നതും. ഈ ആധുനിക ലോകത്ത് ഇപ്പോഴും പ്രാകൃതമായ രീതികളിലൂടെ കുറ്റങ്ങള്‍ തെളിയിക്കുന്ന രീതിക്ക് മാറ്റം വരേണ്ടതുണ്ട് എന്ന് ഒരു സംശയവുമില്ലാതെ പറയാന്‍ സാധിക്കും. അത്തരത്തിലുള്ള പരിവര്‍ത്തനങ്ങള്‍ ഉണ്ടാവേണ്ടതാണ്. അതിന് നെടുങ്കണ്ടത്തെ കസ്റ്റഡി മരണത്തിന് കാരണക്കാരായ പോലീസുകാരെ പിരിച്ചുവിടുന്ന തീരുമാനം ഒരു പാഠമാകട്ടെ എന്ന് പ്രതീക്ഷിക്കാം.