കോണ്‍ഗ്രസിന്റെ ഐശ്വര്യ കേരള യാത്രയില്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുമായി വേദി പങ്കിട്ട മേജര്‍ രവിയെ അനുനയിപ്പിക്കാനുള്ള ശ്രമവുമായി ബിജെപി നേതാക്കള്‍. ബി.ജെ.പി നേതൃത്വവുമായി വലിയ ബന്ധം സൂക്ഷിച്ചിരുന്ന ആളാണ് മേജര്‍ രവി. ബി.ജെ.പി നേതാക്കളുടെ പ്രചാരണ പരിപാടികളിലെല്ലാം മേജര്‍ രവി പങ്കെടുക്കുകയും ചെയ്തിരുന്നു. അടുത്തിടെയാണ് ബി.ജെ.പി നേതാക്കള്‍ക്കെതിരെ വിമര്‍ശനം ഉന്നയിച്ച് മേജര്‍ രവി രംഗത്തെത്തിയത്. ഇതിന് പിന്നാലെയാണ് രമേശ് ചെന്നിത്തല നയിക്കുന്ന ഐശ്വര്യ കേരള യാത്രയുടെ തൃപ്പൂണിത്തുറയിലെ സ്വീകരണയോഗത്തില്‍ മേജര്‍ രവി പങ്കെടുക്കുകയും ചെയ്തത്. ഈ പശ്ചാത്തലത്തിലാണ് ബി.ജെ.പി നേതാക്കള്‍ അനുനയ നീക്കം നടത്തുന്നത്.
കഴിഞ്ഞ ദിവസം കേരള സന്ദര്‍ശനം നടത്തിയ പ്രധാനമന്ത്രി ബി.ജെ.പി.യിലേക്ക് പുതിയ ആളുകളെ കൊണ്ടുവരുന്നതിനായി കേരള നേതൃത്വം ഒറ്റക്കെട്ടായി മുന്നിട്ടിറങ്ങണമെന്നും പാര്‍ട്ടി ശക്തമാക്കണമെന്നും ആവശ്യപ്പെട്ടിരുന്നു. ഇതേ തുടര്‍ന്നു കൂടിയാണ് അടിസ്ഥാനത്തിലാണ് മേജര്‍ രവിയെ അനുനയിപ്പിക്കാനുളള ശ്രമം ബി.ജെ.പി നേതൃത്വം നടത്തുന്നതെന്നാണ് വിവരം.