Skip to main content

ഓര്‍ത്തഡോക്‌സ് യാക്കോബായ സഭാ തര്‍ക്കം പരിഹരിക്കാന്‍ ജസ്റ്റിസ് കെ.ടി തോമസ് അധ്യക്ഷനായിട്ടുള്ള നിയമപരിഷ്‌കരണ കമ്മീഷന്‍ കരട് ബില്‍ സമര്‍പ്പിച്ചിരിക്കുന്നു. ഇതിന്‍ പ്രകാരം തര്‍ക്കമുള്ള പള്ളികളിലെ അംഗങ്ങളുടെ ഭൂരിപക്ഷം അനുസരിച്ച് പള്ളികളുടെ അവകാശം തീരുമാനിക്കട്ടെ എന്നാണ് ഇതിലെ മുഖ്യ നിര്‍ദേശം. ഏറ്റവും ഉചിതവും ശാശ്വതവുമായി ഈ പ്രശ്‌നത്തിന് പരിഹാരം കണ്ടെത്താവുന്ന ഒരു നിര്‍ദേശമാണ് ഈ കമ്മീഷന്‍ മുന്‍പോട്ട് വെച്ചിരിക്കുന്നത്. ഇത് അങ്ങേയറ്റം ജനായത്ത രീതിയിലും നീതിയുക്തവുമായിട്ടുള്ള വിഭജനം പള്ളികളുടെ കാര്യത്തില്‍ സംഭവിക്കുമെന്നത് ഉറപ്പാക്കുന്നു. എന്നാല്‍ ഓര്‍ത്തഡോക്‌സ് സഭ ഈ നിര്‍ദേശത്തെ അംഗീകരിക്കാന്‍ സാധ്യത കുറവുള്ളതായിട്ടാണ് കാണുന്നത്. 

ഭൂരിപക്ഷ അടിസ്ഥാനത്തില്‍ പള്ളികളുടെ അവകാശം നിശ്ചയിക്കാനായി തീരുമാനിക്കുന്ന പക്ഷം മിക്കവാറും 1064 പള്ളികളില്‍ ഒരെണ്ണം പോലും ഓര്‍ത്തഡോക്‌സ് സഭയുടെ കൈവശം വന്നു ചേരും എന്ന് ഉറപ്പിച്ച് പറയാന്‍ സാധിക്കില്ല. ധനസ്ഥിതിയുടെ കാര്യത്തില്‍ ഓര്‍ത്തഡോക്‌സ് സഭ യാക്കോബായ സഭയേക്കാള്‍ വളരെ മുന്നിലാണെങ്കിലും അംഗസംഖ്യയുടെ കാര്യത്തില്‍ അവര്‍ വളരെ പരിമിതമാണ്. 1064 പള്ളികളുള്ളതില്‍ ചില ഇടവകകളില്‍ ഓര്‍ത്തഡോക്‌സ് സഭാ അംഗങ്ങള്‍ ഇല്ലാത്ത സ്ഥലങ്ങള്‍ പോലുമുണ്ട്. ഇതിന്റെ തര്‍ക്കത്തിന് പിന്നിലെ യഥാര്‍ത്ഥ കാരണം എന്ന് പറയുന്നത് സമ്പത്താണ്. സാമ്പത്തികമായി വളരെ വരുമാനമുള്ള ഇടവകകളിലെ പള്ളികള്‍ കൈക്കലാക്കുക എന്ന ഉദ്ദേശമാണ് ഈ പള്ളി തര്‍ക്കത്തിന്റെ പിന്നിലുള്ളത്. ഉദാഹരണത്തിന് കോതമംഗലം പള്ളി, അവിടുത്തെ എം.എ കോളേജ് അടക്കമുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളെല്ലാം പള്ളിയുടെ കീഴിലാണ് വരുന്നത്. ധനസ്ഥിതി കൂടി നില്‍ക്കുന്ന പള്ളികള്‍ കൈക്കലാക്കുക എന്ന ലക്ഷ്യമാണ് ഓര്‍ത്തഡോക്‌സ് സഭയെ നയിക്കുന്നത്. 

കേരളത്തിലെ പൊതുസാമൂഹിക അന്തരീക്ഷത്തെ പോലും സംഘര്‍ഷത്തിലാക്കുന്ന രീതിയിലായിരിക്കുന്നു യാക്കോബായ ഓര്‍ത്തഡോക്‌സ് സഭാ തര്‍ക്കം. ഈ തര്‍ക്കത്തിന് നീതിയുക്തമായ പരിഹാരം എന്ന നിലയ്ക്ക് റിട്ടയര്‍ഡ് ജസ്റ്റിസ് കെ.ടി തോമസിന്റെ ഈ നിര്‍ദേശം ഏറ്റവും സ്വീകാര്യമാണ്.