Skip to main content

പാലാ തര്‍ക്കം ക്ലൈമാക്‌സിലേക്ക് അടുക്കുന്നു എന്നതിന്റെ സൂചനകള്‍ പുറത്ത്. പാലാ സീറ്റ് നല്‍കാന്‍ കഴിയില്ലെന്ന് സി.പി.എം എന്‍.സി.പി നേതൃത്വത്തെ അറിയിച്ചു. പാലായ്ക്ക് പകരം രാജ്യസഭാ സീറ്റ് എന്ന എന്‍.സി.പിയുടെ ആവശ്യവും തള്ളിയതായാണ് വിവരം. മുഖ്യമന്ത്രി പിണറായി വിജയന്‍ എന്‍സിപി നേതാവ് പ്രഫുല്‍ പട്ടേലിനെ ഫോണില്‍ വിളിച്ചാണ് സീറ്റ് നല്‍കാനാവില്ലെന്ന് അറിയിച്ചത്. ഇതോടെ എന്‍.സി.പിയുടെ സിറ്റിങ് സീറ്റ് കേരള കോണ്‍ഗ്രസ് ജോസ് പക്ഷത്തിന് നല്‍കുമെന്ന ഉറപ്പായി. പാലായ്ക്ക് പകരം കുട്ടനാട്ടില്‍ വേണമെങ്കില്‍ മാണി സി കാപ്പന് മത്സരിക്കാമെന്ന നിര്‍ദേശവും മുഖ്യമന്ത്രി മുന്നോട്ടുവച്ചു. കുട്ടനാട് സീറ്റിലേക്ക് മാറി കാപ്പന്‍ ഒത്തുതീര്‍പ്പിന് വഴങ്ങുമോ അതോ യു.ഡി.എഫില്‍ ചേക്കേറുമോ എന്നാണ് ഇനി അറിയേണ്ടത്.

എന്‍.സി.പി യു.ഡി.എഫിലേക്ക് നീങ്ങുമോ അതോ കാപ്പന്റെ നേതൃത്വത്തില്‍ ഒരു വിഭാഗം യു.ഡി.എഫിലെത്തുകയും മന്ത്രി ശശീന്ദ്രന്റെ നേതൃത്വത്തിലുള്ളവര്‍ എല്‍.ഡി.എഫില്‍ തുടരുകയും ചെയ്യാനുള്ള സാധ്യത കൂടുതലാണ്. ഉച്ചയ്ക്ക് ശേഷം കാപ്പനും പീതാംബരനും പവാറിനെ കാണും. ഈ കൂടിക്കാഴ്ച നിര്‍ണായകമാകും. മിക്കവാറും ഇന്നത്തെ കൂടിക്കാഴ്ചക്ക് ശേഷം എന്‍.സി.പിയുടെ മുന്നണി മാറ്റത്തില്‍ പ്രഖ്യാപനം ഉണ്ടായേക്കും. എലത്തൂര്‍ നല്‍കിയാല്‍ ശശീന്ദ്രന്‍ ഇടതുപക്ഷത്ത് തന്നെ തുടരാനാണ് സാധ്യത. അതോടെ എന്‍.സി.പി പിളരുമെന്ന് ഉറപ്പ്.