Skip to main content

താല്‍ക്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്തുന്നതും സര്‍വകലാശാലയിലെ അധ്യാപക നിയമനവുമൊക്കെ വരുന്ന തിരഞ്ഞെടുപ്പില്‍ ഇടതുപക്ഷ ജനാധിപത്യ മുന്നണിയെ വന്‍ പ്രതിരോധത്തിലാക്കും എന്നുള്ളത് ഉറപ്പാണ്. അതില്‍ ഏറ്റവും ചൂട് പിടിച്ച ചര്‍ച്ച നടത്താനുള്ള സാധ്യത കാലടി സര്‍വകലാശാലയില്‍ അധ്യപികയായി നിയമിതയായ മുന്‍ എം.പി എം.ബി രാജേഷിന്റെ ഭാര്യ നിനിത കണിശ്ശേരിയുടെ നിയമനമാണ്. തുടര്‍ന്ന് ഏത് രീതിയിലാണ് ഇത്തരം സര്‍വകലാശാലകളില്‍ നിയമനങ്ങളില്‍ സ്വാധീനം ഉണ്ടാവുന്നത് എന്ന സൂചനയിലേക്ക് നീങ്ങുന്ന പറവൂര്‍ പാര്‍ട്ടി നേതൃത്തിന്റെ ശുപാര്‍ശ കത്തും പുറത്തുവന്നു. അത് സ്വാഭാവികമായ നടപടി എന്നാണ് പാര്‍ട്ടി ഏരിയ സെക്രട്ടറി വെളിപ്പെടുത്തിയത്. ശുപാര്‍ശകളും അഴിമതികളും വഴിവിട്ട സമീപനങ്ങളും പരസ്യമായി നടത്തുന്നത് സാധാരണമാണ് എന്ന് വരുത്തി തീര്‍ക്കുന്ന അവസ്ഥയാണ് പാര്‍ട്ടി ഏരിയ സെക്രട്ടറിയുടെ പ്രസ്ഥാവന വ്യക്തമാക്കുന്നത്. 

ഒരു സര്‍വകലാശാല അധ്യാപക നിയമനത്തിലേക്ക് ഒരാളെ തിരഞ്ഞെടുക്കുന്നതിന് വ്യക്തമായ മാനദണ്ഡങ്ങളുണ്ട്. ആ മാനദണ്ഡങ്ങളെ സ്വാധീനിക്കാന്‍ ഒരു വ്യക്തി പ്രത്യക്ഷമായോ പരോക്ഷമായോ ശ്രമിക്കുന്നത് പോലും കുറ്റകരമാണ്. ഇത് വളരെ ഗൗരവകരമാണ്. യോഗ്യതയുടെ അടിസ്ഥാനത്തില്‍ മാത്രം പോയാല്‍ നിയമനം കിട്ടില്ല എന്ന ഉറച്ച വിശ്വാസത്തിന്റെ പുറത്തായിരിക്കണം ഈ ഉദ്യോഗാര്‍ത്ഥി പാര്‍ട്ടി ഏരിയ സെക്രട്ടറിയെ സമീപിച്ചത്. ഒന്നുകില്‍ അവര്‍ക്ക് അവരുടെ യോഗ്യതയില്‍ ഉള്ള സംശയം അല്ലെങ്കില്‍ നിയമനം യോഗ്യതയ്ക്ക് അനുസരിച്ച് നടക്കില്ല എന്ന ധാരണ ഇത് രണ്ടും പ്രസക്തമാണ്. യോഗ്യതയുള്ള ഉദ്യോഗാര്‍ത്ഥിക്ക് ശുപാര്‍ശകളില്ലാതെ തന്നെ ഉദ്യോഗങ്ങള്‍ കിട്ടും എന്നതില്‍ സംശമില്ല. 

കാലടി സര്‍വകലാശാലയില്‍ തുടക്കം മുതലുള്ള നിയമനങ്ങള്‍ നോക്കിക്കഴിഞ്ഞാല്‍ അവിടെ യോഗ്യതയുടെ അടിസ്ഥാനത്തില്‍ ഒരു നിയമനം എങ്കിലും നടത്തിട്ടുണ്ടോ എന്ന ചോദ്യം തള്ളിക്കളയാന്‍ പറ്റില്ല. ഇത്തരം ഒരു സാഹചര്യം കേരളത്തില്‍ നിലനില്‍ക്കുന്നു എന്നുള്ളത് ഗുരുതരമായ ആശങ്കകളാണ് സൃഷ്ടിക്കുന്നത്. യഥാര്‍ത്ഥ യോഗ്യതയുള്ളവര്‍ തഴയപ്പെടുന്നു. ഇതിലൂടെ മോശമായ പ്രത്യാഘാതങ്ങള്‍ സമൂഹത്തില്‍ സൃഷ്ടിക്കുന്നു എന്നുള്ളത് വസ്തുതയാണ്.