Skip to main content

ഫെബ്രുവരി 7ലെ പ്രധാനപ്പെട്ട പത്രങ്ങളിലെയെല്ലാം ഒന്നാം പേജിലെ പകുതി പരസ്യം ട്വന്റി ട്വന്റിയുടേതായിരുന്നു. ഇടത്തോട്ടുമില്ല, വലത്തോട്ടും കേരളം ഇനി ട്വന്റി ട്വന്റിക്കൊപ്പം മുന്നോട്ട്. ആധുനിക കേരളത്തിനായി അണിചേരുക. ട്വന്റി ട്വന്റിയില്‍ അംഗമാവൂ. തുടക്കം എറണാകുളം ജില്ലയില്‍. ട്വന്റി ട്വന്റി ജനങ്ങളോടൊപ്പം. മെമ്പര്‍ഷിപ്പിനായി ക്യൂ.ആര്‍ കോഡോ അല്ലെങ്കില്‍ ലിങ്കുകളോ ഉപയോഗിക്കുക. ശക്തമായ നേതൃത്വം, ഉറച്ച നിലപാട്. ഇതായിരുന്നു പരസ്യം. കഴിഞ്ഞ പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ കിഴക്കമ്പലം പഞ്ചായത്തിന് പുറമെ കുന്നത്തുനാട് പഞ്ചായത്തും ഭരിക്കാന്‍ കിട്ടിയ ആത്മവിശ്വാസത്തിലാണ് ഇത്തരമൊരു നീക്കവുമായി ട്വന്റി ട്വന്റി വന്നിരിക്കുന്നത്. 

തീര്‍ച്ചയായും വരുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ ചുരുങ്ങിയത് ഒരു സീറ്റെങ്കിലും കരസ്ഥമാക്കുക എന്ന ലക്ഷ്യമായിരിക്കണം നേതൃത്വത്തിനുള്ളത്. നിലവിലെ രാഷ്ട്രീയ പാര്‍ട്ടികളുടെ പെരുമാറ്റവും സ്വഭാവവും ശരാശരി ആളുകളില്‍ അറപ്പും വെറുപ്പും പ്രതീക്ഷയില്ലായ്മയും ഉളവാക്കിയിട്ട് നാളേറെയായി. പുറമെ ഉദാത്തമായ കാര്യങ്ങള്‍ പറയുകയും യഥാര്‍ത്ഥത്തില്‍ കുല്‍സിതമായി പ്രവര്‍ത്തിക്കുകയും ചെയ്യുന്നു എന്നുള്ളതാണ് രാഷ്ട്രീയപാര്‍ട്ടികളോടുള്ള വിശ്വാസമില്ലായ്മയ്ക്കും പ്രതീക്ഷയില്ലായ്മയ്ക്കും കാരണം. നേതാക്കള്‍ പണത്തിനും അധികാരത്തിനും മാത്രമായി പദവികളെ ഉപയോഗിക്കുന്നത് കണ്ട് കേരളീയര്‍ മടുത്തിരിക്കുന്നു. എത്ര കൊടിയ അഴിമതി നടത്തിയാലും പാര്‍ട്ടികളുടെ ചിഹ്നത്തില്‍ മല്‍സരിച്ച് കഴിഞ്ഞാല്‍ ജനങ്ങള്‍ തിരഞ്ഞെടുക്കുമെന്നും അധികാരത്തില്‍ എത്താന്‍ കഴിയുമെന്നും കേരളം തെളിയിച്ചു കഴിഞ്ഞിരിക്കുന്നു. ഈ രാഷ്ട്രീയ അന്തരീക്ഷത്തില്‍ ധാര്‍മ്മികതയ്ക്ക് തിരഞ്ഞെടുപ്പില്‍ സ്ഥാനമില്ലാത്ത അവസ്ഥ ആയിരിക്കുന്നു. കക്ഷി രാഷ്ട്രീയങ്ങള്‍ക്ക് പുറത്തുള്ള ബഹുഭൂരിപക്ഷം ആളുകളും അതൃപ്തിയിലും നിസ്സഹായതയിലും നില്‍ക്കുന്ന കാഴ്ചയാണ് കാണാന്‍ കഴിയുന്നത്. 

ഈ നിസ്സഹായതയും അതൃപ്തിയുമാണ് കിഴക്കമ്പലം പഞ്ചായത്തിന്റെ ഭരണം പിടിച്ചതോട് കൂടി ട്വന്റി ട്വന്റി വ്യക്തമാക്കുന്നത്. ഇത്തരത്തില്‍ പണം ഉപയോഗിച്ചു കൊണ്ട് രാഷ്ട്രീയത്തെ തങ്ങളുടെ കയ്യിലേക്ക് കൊണ്ടുവരാമെന്ന ബോധ്യം ട്വന്റി ട്വന്റിയുടെ നേതൃത്വത്തിന് ഉണ്ടാക്കിയത് യഥാര്‍ത്ഥത്തില്‍ കേരളത്തിലെ രാഷ്ട്രീയമാണ്. പരോക്ഷമായി കാശ് ചിലവഴിച്ച് തങ്ങളുടെ കാര്യങ്ങള്‍ നടപ്പാക്കുന്നു എന്നുള്ള ചിന്തകളായിരിക്കാം ട്വന്റി ട്വന്റിയെ അധികാരത്തിലെത്തിച്ചത്. ഇവര്‍ രാഷ്ട്രീയത്തിലൂടെ സമൂഹത്തിലേക്ക് പകരും എന്ന് പറയുന്ന കാര്യങ്ങള്‍ സാമ്പത്തികമായിട്ടും അല്ലാതെയുമൊക്കെ കിഴക്കമ്പലത്ത് നടപ്പിലാക്കുകയും അതിന് സ്വീകാര്യത ലഭിക്കുകയും അത് കുന്നത്തുനാട് പഞ്ചായത്തിലേക്ക് വ്യാപിക്കുകയും ചെയ്ത കാഴ്ചയാണ് നാം കണ്ടത്. ഇതിനെതിരെ മറ്റ് രാഷ്ട്രീയ നേതൃത്വം രംഗത്തെത്തിയേക്കാം. എന്നാല്‍ ട്വന്റി ട്വന്റിയെ പഴിചാരാന്‍ കഴിയില്ല. നിലവിലുള്ള രാഷ്ട്രീയ അന്തരീക്ഷം സൃഷ്ടിച്ചു കൊടുത്ത വിളനിലത്തിലാണ് ട്വന്റി ട്വന്റി തഴച്ചു വളരുന്നത്. ഇതിന്റെ പ്രതിഫലനമാണ് വി ഫോര്‍ കൊച്ചി എന്ന കൂട്ടായ്മ കൊച്ചിയില്‍ രൂപം കൊണ്ടതും അതിന് വലിയ സ്വീകാര്യത ലഭിച്ചതും. 

ഇപ്പോള്‍ അത്തരം അസംതൃപ്തരായ ജനങ്ങളെയും ട്വന്റി ട്വന്റിയിലേക്ക് ക്ഷണിച്ചു കൊണ്ടാണ് ക്യൂ ആര്‍ കോഡും ലിങ്കുകളും നല്‍കി പരസ്യം കൊടുത്തിരിക്കുന്നത്. നിലവിലെ സാങ്കേതികവിദ്യ ഉപയോഗിച്ചു കൊണ്ട് ഓരോ അംഗങ്ങളുമായി നേരിട്ട് ബന്ധം പുലര്‍ത്തി അവരുടെ ആവശ്യങ്ങള്‍ നിറവേറ്റുന്നതിലൂടെ മുന്നോട്ട് പോകാന്‍ കഴിയും എന്ന് വിശ്വാസമാണ് ട്വന്റി ട്വന്റി ഈ സമീപനത്തിലൂടെ വെളിവാക്കുന്നത്. ഇതിന് തെളിവായി കിഴക്കമ്പലം പഞ്ചായത്തും കുന്നത്തുനാട് പഞ്ചായത്തും മുന്നിലുണ്ട്. ഇത് അരാഷ്ട്രീയമായ അന്തരീക്ഷം സൃഷ്ടിക്കുകയും ജനായത്ത സംവിധാനത്തിന്റെ അടിസ്ഥാന മൂല്ല്യങ്ങളെ ഇല്ലായ്മ ചെയ്യുകയും ചെയ്യും എന്നതിന് ഒരു സംശയവുമില്ല.