Skip to main content

കണ്ണൂര്‍ രാഷ്ട്രീയം എന്ന് പറയുമ്പോള്‍ എല്ലാവരുടേയും മനസ്സിലേക്ക് ഓടിയെത്തുന്നത് കണ്ണൂരില സി.പി.എം രാഷ്ട്രീയമാണ്. സി.പി.എം രാഷ്ട്രീയത്തിന്റെ പ്രധാന മുഖമുദ്ര എന്ന് പറയുന്നത് ആക്രമണം തന്നെയാണ്. ബി.ജെ.പി തങ്ങളുടെ സ്വാധീനം വര്‍ധിപ്പിക്കുന്നതിന് ഉപയോഗിച്ചതും അതേ കണ്ണൂര്‍ രാഷ്ട്രീയം തന്നെയാണ്. കേരളത്തില്‍ കോണ്‍ഗ്രസിന്റേത് അക്രമസ്വഭാവമില്ലാത്ത രാഷ്ട്രീയ പൈതൃകമാണ്. കോണ്‍ഗ്രസിനുള്ളില്‍ കണ്ണൂര്‍ രാഷ്ട്രീയത്തിന്റെ സ്വഭാവം പ്രയോഗിക്കുന്ന ആളാണ് കെ സുധാകരന്‍. വാക്കുകൊണ്ടായിക്കോട്ടെ മറ്റേത് രീതിയിലുള്ള ആക്രമം ആയിക്കോട്ടെ അതിനെ അതേ രീതിയില്‍ തന്നെ നേരിടുന്ന രാഷ്ട്രീയ സ്വഭാവമാണ് കെ.സുധാകരന്റേത്. അതേ നിലപാട് ഇപ്പോഴും അദ്ദേഹം തുടരുന്നു. കണ്ണൂര്‍ രാഷ്ട്രീയത്തിന്റെ അക്രമസ്വഭാവത്തെ സംസ്ഥാനത്തിന്റെ പൊതുമണ്ഡലത്തിലേക്ക് കൊണ്ടുവന്ന് വരുന്ന തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനെ ജയിപ്പിക്കാനുള്ള ശ്രമമാണ് സുധാകരന്റേത്. കെ.സുധാകരന്‍ കെ.പി.സി.സിയുടെ താല്‍ക്കാലിക പ്രസിഡന്റ് ആവും തുടര്‍ന്ന് ചിലപ്പോള്‍ സ്ഥിരം പ്രസിഡന്റാകും എന്നൊക്കെ പറഞ്ഞു കേള്‍ക്കുന്നു. 

കെ.പി.സി.സിയുടെ ചരിത്രത്തില്‍ ഏറ്റവും ദുര്‍ബലനായ ഒരു പ്രസിഡന്റായിരുന്നു മുല്ലപ്പള്ളി രാമചന്ദ്രന്‍. ഈ സാഹചര്യത്തിലാണ് കഴിഞ്ഞ പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് ദയനീയമായ പരാജയം നേരിട്ടത്. ഇടതുപക്ഷ ജനാധിപത്യ മുന്നണിയും സര്‍ക്കാരും ചരിത്രത്തില്‍ ഇതുവരെ ഇല്ലാത്ത തരത്തില്‍ പ്രതിരോധത്തില്‍ നില്‍ക്കുന്ന സമയത്താണ് കോണ്‍ഗ്രസ് ദയനീയമായ തോല്‍വി ഏറ്റുവാങ്ങിയത് എന്നുകൂടി ഓര്‍മ്മിക്കണം. അതിനെ തുടര്‍ന്നാണ് കേരളത്തിലെ കോണ്‍ഗ്രസില്‍ നേതൃത്വമാറ്റം വേണമെന്നും വരുന്ന തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് പരാജയപ്പെട്ടാല്‍ പിന്നെ പിടിച്ചുനില്‍പ്പുണ്ടാവില്ല എന്നും കോണ്‍ഗ്രസ് ദേശീയ നേതൃത്വം പറഞ്ഞത്. അതിന് ശേഷമാണ് ഉമ്മന്‍ചാണ്ടിയെ നേതൃത്വ നിരയിലേക്ക് കൊണ്ടുവരികയും ശശി തരൂരിനെ പ്രകടന പത്രിക ചുമതല ഏല്‍പ്പിക്കുകയും ചെയ്തത്. ഇതെല്ലാം കേരളത്തിലെ കോണ്‍ഗ്രസ് നേതാക്കള്‍ ശിരസ്സാവഹിക്കുകയും ചെയ്തു. ഒരുപക്ഷെ കോണ്‍ഗ്രസ് ദേശീയ നേതൃത്വത്തിന്റെ അറിവോടു കൂടിയായിരിക്കാം ഒരു തീപ്പൊരി നേതാവിനെ സംസ്ഥാനത്തിന് ആവശ്യമുണ്ടെന്ന തിരിച്ചറിവ് ഉണ്ടായിരിക്കുന്നത്. കോണ്‍ഗ്രസ് തിരഞ്ഞെടുപ്പ് വിജയത്തിനായി ഏര്‍പ്പാടാക്കിയിരിക്കുന്ന പ്രൊഫഷണല്‍ ഏജന്‍സികളുടെ നിര്‍ദേശവും അതിന് പിന്നില്‍ ഉണ്ടാവാം. 

കെ.സുധാകരനെ കെ.പി.സി.സി പ്രസിഡന്റാക്കും എന്നുള്ളതില്‍ ഔദ്യോഗിക സ്ഥിരീകരണം വന്നിട്ടില്ല. തന്നെ പാര്‍ട്ടി ഏല്‍പ്പിക്കുന്ന ഏത് ദൗത്യവും ചെയ്യും എന്നാണ് കെ.സുധാകരന്‍ പറഞ്ഞത്. ഫലത്തില്‍ കെ.സുധാകരന്‍ ഇപ്പോള്‍ കേരളത്തിലെ കോണ്‍ഗ്രസിന്റെ നേതൃസ്ഥാനത്തേക്ക് എത്തിക്കഴിഞ്ഞു എന്നത് യാഥാര്‍ത്ഥ്യമാണ്. കണ്ണൂര്‍ രാഷ്ട്രീയ രീതിയിലൂടെ കോണ്‍ഗ്രസിന്റെ നേതൃസ്ഥാനം അദ്ദേഹം കയ്യിലെടുത്തു എന്നാണ് മനസ്സിലാക്കേണ്ടത്. അതിനുവേണ്ടി ബോധപൂര്‍വ്വം ഉപയോഗിച്ച വാചകമാണ് ചെത്തുകാരന്റെ മകനായിരുന്ന പിണറായി വിജയന് സഞ്ചരിക്കാന്‍ ഹെലികോപ്ടര്‍ ഉപയോഗിക്കുന്നു എന്നുള്ളത്. ഇത് കെ.സുധാകരന്റെ അനുഭവ പരിചയവും കണ്ണൂര്‍ രാഷ്ട്രീയ അടവുകളുമൊക്കെ വെച്ച് പ്രയോഗിച്ചതാണ്. ഇതിനെതിരെ പല പ്രതികരണങ്ങള്‍ ഉണ്ടായിട്ടും തന്റെ നിലപാടില്‍ ഉറച്ചു നിക്കുകയും ചെയ്തത്. 

ചെത്ത് തൊഴിലാളി എന്ന് പറയുന്നത് ആക്ഷേപമായി കണ്ടുകഴിഞ്ഞാല്‍ കേരളത്തിലെ മറ്റ് ചെത്തുതൊഴിലാളികളെ ആക്രമിക്കുന്നതിന് തുല്യമാവും. അതുകൊണ്ട് തന്നെയാണ് ചെത്തുതൊഴിലാളിയുടെ മകനായതില്‍ അഭിമാനിക്കുന്നു എന്ന് മുഖ്യമന്ത്രി തന്നെ പറഞ്ഞത്. എന്നാല്‍ പ്രതിപക്ഷ നേതാവും ഷാനിമോള്‍ ഉസ്മാനും മറ്റ് സാംസ്‌കാരിക നേതാക്കന്മാരുമൊക്കെ അത് ഒഴിവാക്കേണ്ട പ്രസ്താവനയായിരുന്നു എന്ന് പറഞ്ഞുകൊണ്ട് രംഗത്തെത്തുകയും ചെയ്തിരുന്നു. അതിനെയും കെ.സുധാകരന്‍ ശക്തമായി എതിര്‍ക്കുകയുണ്ടായി. ആ നിലപാടിലൂടെ തനിക്കെതിരെ കോണ്‍ഗ്രസില്‍ ഉയര്‍ന്നു വരുന്ന ഗൂഢാലോചനയെയും സുധാകരന്‍ തകര്‍ക്കുകയായിരുന്നു. 

സുധാകരന്റെ വാക്കുകള്‍ക്ക് ആക്രമണ സ്വഭാവമുണ്ട്. കണ്ണൂര്‍ രാഷ്ട്രീയത്തെ കോണ്‍ഗ്രസ് രാഷ്ട്രീയ നേതൃത്വത്തിലേക്ക് പ്രയോഗിച്ചുകൊണ്ട് കോണ്‍ഗ്രസില്‍ ഉണര്‍വ് സൃഷ്ടിക്കാനുള്ള ശ്രമമാണ് സുധാകരന്‍ നടത്തിയതും അതില്‍ വിജയിക്കുകയും ചെയ്തത്. കേരളത്തിലെ കോണ്‍ഗ്രസ് പാര്‍ട്ടിയേയും സി.പി.എമ്മിനേയും സുധാകരന്റെ പ്രയോഗത്തെ അംഗീകരിക്കേണ്ട അവസ്ഥയിലേക്ക് എത്തിച്ചു എന്നതാണ് ഈ കണ്ണൂര്‍ അടവിന്റെ ഗുണം. സി.പി.എമ്മിന്റെ ബുദ്ധിജീവികള്‍ പ്രയോഗിക്കുന്ന അതേ അടവാണ് സുധാകരന്‍ സി.പി.എമ്മിന് എതിരെ പ്രയോഗിച്ചിരിക്കുന്നത്. ഇതിലൂടെ കെ.സുധാകരന്‍ കെ.പി.സി.സിയുടെ അധ്യക്ഷന്‍ ആയില്ലെങ്കിലും അദ്ദേഹം നേതൃസ്ഥാനത്തേക്ക് എത്തിയിരിക്കുകയാണ്.