Skip to main content

അങ്ങനെ ജേക്കബ് തോമസ് ബി.ജെ.പിയില്‍ ചേര്‍ന്നു. സര്‍വീസില്‍ നിന്ന് വിരമിച്ച ഡി.ജി.പി ജേക്കബ് തോമസ് ബി.ജെ.പി ദേശീയ അധ്യക്ഷന്‍ ജെ.പി നഡ്ഡയില്‍ നിന്ന് അംഗത്വം സ്വീകരിച്ച് ബി.ജെ.പിക്കാരനായി. അദ്ദേഹം വരുന്ന തിരഞ്ഞെടുപ്പില്‍ തൃശ്ശൂര്‍ ജില്ലയില്‍ നിന്ന് മല്‍സരിക്കുമെന്ന് പറഞ്ഞുകേള്‍ക്കുന്നു. യഥാര്‍ത്ഥത്തില്‍ ആശയ വ്യക്തത ഇല്ലാത്ത എന്നാല്‍ ചില പിടിവാശിയുള്ള ഉദ്യോഗസ്ഥനെയാണ് ജേക്കബ് തോമസ് തന്റെ സര്‍വീസ് കാലഘട്ടങ്ങളിലൂടെ വെളിവാക്കുന്നത്. തികച്ചും വ്യക്തിപരമായ വൈകാര്യഘടകങ്ങളെ മാത്രം പരിഗണിച്ചു കൊണ്ട് പ്രവര്‍ത്തിക്കുന്ന ഒരു ഉദ്യോഗസ്ഥനെയാണ് സര്‍വീസ് കാലഘട്ടത്തില്‍ ജേക്കബ് തോമസിലൂടെ കാണാന്‍ കഴിഞ്ഞത്. ഒരേസമയം അദ്ദേഹം ഉദാത്തമായ ആദര്‍ശങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുന്നതായി പ്രഖ്യാപിക്കുകയും അതേസമയം തന്നെ ഒരു പഠിതാവിന്റെ പാതയിലൂടെ നടക്കുകയും അക്കാദമി കാര്യങ്ങളില്‍ ശ്രദ്ധിക്കുകയും അഴിമതിക്കെതിരെ പോരാടുന്ന ആളായി പ്രഖ്യാപിക്കുകയുമൊക്കെ ചെയ്തിട്ടുണ്ട്. 

അദ്ദേഹം ഇന്റലിജന്‍സ് ഡി.ജി.പി ആയി പ്രവര്‍ത്തിച്ചപ്പോള്‍ അദ്ദേഹത്തിന്റെ പ്രവര്‍ത്തികള്‍ പ്രത്യക്ഷത്തില്‍ അഴിമതിക്കെതിരെ പോരാടുന്നു എന്ന കയ്യടി നേടാവുന്നവ ആയിരുന്നുവെങ്കിലും അവിടെ എല്ലാം നിഴലിച്ചത് അദ്ദേഹത്തിന്റെ വ്യക്തിപരമായ ഇഷ്ടാനിഷ്ടങ്ങള്‍ ആയിരുന്നു. അത്തരം നടപടികളാണ് അദ്ദേഹത്തെ അത്തരത്തിലൊരു സ്ഥാനത്തിരിക്കാന്‍ അയോഗ്യനാക്കിയത്. രാഷ്ട്രീയ നേതൃത്വവും ഉദ്യോഗസ്ഥ നേതൃത്വവും അദ്ദേഹത്തിനെതിരെ തിരിയാന്‍ കാരണവും അതാണ്. 

അദ്ദേഹത്തിന്റെ പിടിവാശികള്‍ക്കൊപ്പം സര്‍ക്കാര്‍ നില്‍ക്കാതെ വന്നപ്പോഴാണ് സര്‍ക്കാരിനെതിരെ ആഞ്ഞടിച്ചുകൊണ്ട് രംഗത്തെത്തിയത്. സ്രാവുകള്‍ക്കൊപ്പം നീന്തുമ്പോള്‍ എന്ന പുസ്തകം എഴുതുകയും തുടര്‍ന്ന് സര്‍ക്കാര്‍ നടപടി ക്ഷണിച്ചുവരുത്തുകയും ചെയ്തത്. ഏറ്റവും ഒടുവില്‍ അദ്ദേഹത്തെ അപ്രസക്തമായ ഒരു തസ്തികയില്‍ നിയമിക്കേണ്ടിയും വന്നു. ഇതെല്ലാം അദ്ദേഹത്തിന്റെ വ്യക്തിപരമായ വൈകാരിക പ്രക്ഷോഭങ്ങളുടെ ഭാഗമായി സംഭവിച്ചതാണ്. അത്തരമൊരു വൈകാരിക സമീപനം തന്നെയാണ് അദ്ദേഹത്തെ ബി.ജെ.പിയില്‍ എത്തിച്ചിരിക്കുന്നത്. അല്ലാതെ ബി.ജെ.പിയോടോ ബി.ജെ.പി ആശയങ്ങളോടോ ഉള്ള പ്രതിബദ്ധത കൊണ്ടോ ഒന്നുമാവാന്‍ സാധ്യതയില്ല. തന്നെ വൈകാരികമായി നോവിച്ചവര്‍ക്കെതിരെ ഏതെല്ലാം രീതിയില്‍ തിരിച്ചടിക്കാന്‍ കഴിയും എന്ന വൈകാരിക ഘടകം തന്നെയാണ് ജേക്കബ് തോമസിനെ പൊതുരംഗത്തേക്ക് നയിക്കുന്നത്. ഇത്തരത്തിലുള്ള വൈകാരിക വിക്ഷോപങ്ങളുടെ ഭാഗമായിട്ടല്ല രാഷ്ട്രീയ രംഗത്തേക്ക് കടന്നു വരേണ്ടത്. പ്രത്യേകിച്ച് ഇത്രയും വിദ്യാസമ്പന്നനും ഉയര്‍ന്ന തസ്തികയില്‍ നിന്ന് വിരമിച്ചതുമായ ഒരു വ്യക്തി.