Skip to main content

കള്ള് ചെത്ത് ഒരു തൊഴില്‍ തന്നെയാണ്. എന്നാല്‍ സമൂഹത്തെ പിന്നോട്ട് നയിക്കുന്ന തൊഴിലുകളെ അധമ തൊഴില്‍ വിഭാഗത്തില്‍ ആണ് പെടുത്തിയിരിക്കുന്നത്. നവോത്ഥാനത്തിന് തുടക്കം കുറിച്ച ശ്രീനാരായണ ഗുരു ചെത്തിനെ അധമ തൊഴില്‍ വിഭാഗത്തിലാണ് പെടുത്തിയത്. അതുകൊണ്ട് തന്നെയാണ് ചെത്തരുത് കുടിക്കരുത് എന്ന് തൊഴിലാളികളോട് നിര്‍ദേിച്ചത്. എന്നാല്‍ ഇന്ന് ചെത്ത് എന്ന് പറയുന്നത് അംഗീകൃതമായ ഒരു തൊഴിലാണ്. അതിനെ മറ്റേത് തൊഴിലിനും സമാനമായിട്ടുള്ള തൊഴിലായാണ് സര്‍ക്കാര്‍ കണക്കാക്കി പോകുന്നത്. ചെത്തുതൊഴിലാളികളികള്‍ക്ക് ക്ഷേമനിധി ബോര്‍ഡ് ഉണ്ട്. ഇന്ന് ഏറ്റവും കൂടുതല്‍ കുടിയന്മാരുള്ള സംസ്ഥാനമാണ് കേരളം. ഈ പശ്ചാത്തലത്തിലാണ് കോണ്‍ഗ്രസ് നേതാവും എം.പിയുമായ കെ.സുധാകരന്‍ മുഖ്യമന്ത്രി പിണറായി വിജയനെ ചെത്തുകാരന്റെ മകന്‍ എന്ന് വിളിച്ചത്. ചെത്തുകാരന്റെ മകന്‍ പിണറായി വിജയന്‍ മുഖ്യമന്ത്രി ആയപ്പോള്‍ യാത്രക്ക് ഹെലികോപ്റ്റര്‍ വേണ്ടി വന്നു എന്നാണ് സുധാകരന്‍ ആക്ഷേപിച്ചത്. പല നേതാക്കളും പറഞ്ഞത് പോലെ കെ. സുധാകരന്‍ അത്തരത്തിലൊരു പ്രസ്ഥാവന ഒഴിവാക്കേണ്ടതായിരുന്നു. 

ചെത്തുകാരന്റെ മകനായി ജനിച്ച് വളര്‍ന്ന പിണറായി വിജയന്‍ ആ തൊഴില്‍ സ്വീകരിക്കാതെ കേരളത്തിന്റെ മുഖ്യമന്ത്രി ആയി മാറി എന്നുണ്ടെങ്കില്‍ അദ്ദേഹത്തിന്റെ നേതൃപാഠവവും ശേഷിയുമാണ് അത് സൂചിപ്പിക്കുന്നത്. കേരളത്തില്‍ വന്ന മാറ്റത്തിന്റെ പ്രതിഫലനം തന്നെയാണ് പിണറായി വിജയന്‍ മുഖ്യമന്ത്രി ആയത്. അത് കേരളത്തിന്റെ നവോത്ഥാന സംസ്‌കാരത്തിന്റെ സംഭാവന ആയിട്ട് തന്നെയാണ് കാണേണ്ടത്. സംസ്ഥാനത്തിന്റെ മുഖ്യമന്ത്രിയുടെ സമയം എന്ന് പറയുന്നത് വളരെ വിലപ്പെട്ടതാണ്. അദ്ദേഹത്തിന്റെ തീരുമാനങ്ങള്‍ കേരളത്തിലെ ഓരോ വ്യക്തിയുടെയും ജീവിതത്തെയും ഗതിയേയും നിര്‍ണ്ണയിക്കുന്നതാണ്. അതുകൊണ്ടാണ് അദ്ദേഹത്തിന് ആവശ്യമായ സുഖസൗകര്യങ്ങളും ഔദ്യോഗികവസതിയുമെല്ലാം നല്‍കുന്നത്. അദ്ദേഹത്തിന് ഒരു സാഹചര്യത്തില്‍ ഹെലികോപ്ടര്‍ ആവശ്യമാണെന്ന് തോന്നിക്കഴിഞ്ഞാല്‍ ഹെലികോപ്ടര്‍ വാങ്ങുന്നതിനേയോ ഉപയോഗിക്കുന്നതിനേയോ ദോഷം പറയാന്‍ സാധിക്കില്ല. 

ചെത്തുതൊഴില്‍ മോശമാണോ എന്നതാണ് ഇപ്പോള്‍ ഉയര്‍ന്നു വന്നിരിക്കുന്ന പ്രധാനപ്പെട്ട ചോദ്യം. ഇവിടെയാണ് ആത്മാര്‍ത്ഥമായ ഒരു ഉത്തരം പറയേണ്ടത്. ചെത്തുതൊഴില്‍ അധമ തൊഴില്‍ തന്നെയാണ് എന്നതില്‍ സംശയമില്ല. ചെത്തുതൊഴിലിനെ മറ്റ് തൊഴിലുകളോട് ചേര്‍ത്തുവെച്ച് പറയുന്നത് തന്നെ മറ്റ് തൊഴിലുകളുടെ മാന്യതയേയും ഇല്ലാതാക്കുന്നതാണ്. ചെത്ത് തൊഴിലിനെ കേരളീയര്‍ അധമ തൊഴില്‍ തന്നെയായി കാണുന്നു എന്നതാണ് ചെത്തുകാരന്റെ മകന്‍ എന്ന പ്രയോഗം ഉണര്‍ത്തിയിരിക്കുന്ന വികാരം എന്ന് പറയുന്നത്.