Skip to main content

ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ ഉറച്ച സീറ്റായി മാറിയ തിരുവല്ല തിരികെ പിടിക്കാന്‍ കൊണ്ടു പിടിച്ച ആലോചനയാണ് യു.ഡി.എഫില്‍ . ഇതിനകം നാലു തവണ തിരുവല്ലയില്‍ നിന്ന് വിജയിച്ച അഴിമതി വിരുദ്ധ പ്രതിഛായയുള്ള മാത്യു.ടി.തോമസിനെ നേരിടാന്‍ ആരെങ്കിലും പേരാ എന്ന ബോധ്യം അവര്‍ക്കുണ്ട്. മാര്‍ത്തോമ്മ സഭയുടെ ആസ്ഥാനം സ്ഥിതി ചെയ്യുന്ന തിരുവല്ലായില്‍ മാര്‍ത്തോമ്മക്കാരനായ മാത്യു.ടിയെ നേരിടാന്‍ മാര്‍ത്തോമ്മക്കാരന്‍ തന്നെ വേണമെന്ന വാദക്കാരില്‍ മുന്‍ രാജ്യസഭാ ഡെപ്യൂട്ടി ചെയര്‍മാന്‍ പി.ജെ.കുര്യനുമുണ്ട്.

മുമ്പ് കേരളാ കോണ്‍ഗ്രസിന്റെ സിറ്റിംഗ് സീറ്റായിരുന്ന ഇവിടെ തുടര്‍ച്ചയായി യു.ഡി.എഫ്. സ്ഥാനാര്‍ത്ഥികളാകാറുള്ളത് കേരളാ കോണ്‍ഗ്രസ്( എം ) പ്രതിനിധികളാണ്. ഇത്തവണ കേരളാ കോണ്‍ഗ്രസ്(എം) എല്‍.ഡി.എഫി ല്‍ ആണ്. സ്വാഭാവികമായും ജോസഫ് വിഭാഗം ഈ സീറ്റിന് അവകാശമുന്നയിക്കും. നേരത്തെ മാത്യു. ടി. തോമസിനോട് മത്സരിച്ച് പരാജയപ്പെട്ട ജോസഫ് എം. പുതുശ്ശേരി ജോസഫ് പക്ഷത്തുണ്ട്. കല്ലൂപ്പാറയിലെ മുന്‍ എം.എല്‍.എ. കൂടിയായിരുന്ന പുതുശ്ശേരിക്കെതിരെ അന്ന് പി.ജെ. കുര്യന്‍ പരസ്യ നിലപാട് സ്വീകരിച്ചത് അദ്ദേഹത്തിന്റെ തോല്‍വിക്ക് കാരണമായെന്നത് രഹസ്യമല്ല. ഓര്‍ത്തഡോക്‌സ് വിഭാഗത്തില്‍പ്പെട്ട പുതുശ്ശേരിക്കെതിരെ മാര്‍ത്തോമ്മ സഭാ വികാരം ഇളക്കിവിട്ടുവെന്ന ആക്ഷേപവും ഉയര്‍ന്നിരുന്നു.

ഈ പശ്ചാത്തലത്തില്‍ വേണം ഈ പ്രാവശ്യത്തെ സ്ഥാനാര്‍ത്ഥി നിര്‍ണ്ണയം കാണാന്‍. യു.ഡി.എഫ് ഒരു റിസ്‌ക് എടുത്ത് പുതുശ്ശേരിയെ വീണ്ടും തിരുവല്ലയില്‍ പരിഗണിക്കുമെന്ന് ഉറപ്പില്ല. മാര്‍ത്തോമ്മ സഭയിലെ വൈദികന്റെ മകന്‍ കൂടിയായ അഡ്വ. വര്‍ഗീസ് മാമ്മന്‍ ഇപ്പോള്‍ ജോസഫ് ഗ്രൂപ്പിലാണ്. സ്ഥാനാര്‍ത്ഥിത്വത്തിന് അവകാശമുന്നയിച്ച് അദ്ദേഹം രംഗത്തുണ്ട്. തിരുവല്ലയിലുള്ള ഒരു പ്രമുഖ വ്യാപാരിയെ പരിഗണിക്കണമെന്ന നിര്‍ദ്ദേശവും സജീവ ചര്‍ച്ചകളിലുണ്ട്. സീറ്റ് ജോസഫ് ഗ്രൂപ്പിനാണെങ്കില്‍ ഇവരില്‍ ആര്‍ക്കുവേണമെങ്കിലും നറുക്ക് വീഴാം. അടുത്തിടെ ജോസഫ് ഗ്രൂപ്പിലെത്തിയ സാം ഈപ്പനാണ് വിജയ സാധ്യത കൂടുതലെന്നാണ് കോണ്‍ഗ്രസിന്റെ സ്വകാര്യ ഏജന്‍സിയുടെ പഠന റിപ്പോര്‍ട്ട്. ഇദ്ദേഹവും മാര്‍ത്തോമ്മക്കാരനാണ്. മറ്റൊരു സ്ഥാനാര്‍ത്ഥി സാധ്യത അഡ്വ.കുഞ്ഞു കോശി പോളിനാണ്. ഓര്‍ത്തഡോക്‌സ് സഭക്കാരനാണിദ്ദേഹം.

തിരുവല്ല സീറ്റ് കോണ്‍ഗ്രസ് ഏറ്റെടുത്ത് പകരം റാന്നി കേരള കോണ്‍ഗ്രസ് ജോസഫ് വിഭാഗത്തിന് കൊടുക്കുക എന്നതാണ് മറ്റൊരു നിര്‍ദ്ദേശം. കോണ്‍ഗ്രസിന് സീറ്റ് കിട്ടിയാല്‍ മത്സരിക്കാന്‍ മുന്‍ നിരയിലുള്ളവരിലെ ഒന്നാമന്‍ പി.ജെ.കുര്യനാണ്. മാര്‍ത്തോമ്മ സഭാക്കാരനുമാണ്. നേരത്തെ പുതുശ്ശേരിക്കെതിരെ പ്രവര്‍ത്തിച്ചതിന്റെ കണക്കു തീര്‍ക്കല്‍ ഉണ്ടായേക്കാമെന്നതാണ് ഒരു കടമ്പ. നാല്പതു കൊല്ലത്തിലധികം എം.പി. സ്ഥാനം മുതല്‍ രാജ്യസഭാ ഡെപ്യൂട്ടി ചെയര്‍മാന്‍ പദവി വരെ നിരവധി അധികാരങ്ങള്‍ ആസ്വദിച്ച കുര്യന് ഇനി അവസരം നല്‍കരുതെന്ന നിലപാടില്‍ ഉറച്ചുനില്‍ക്കുകയാണ് കോണ്‍ഗ്രസിലെ ചെറുപ്പക്കാര്‍. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടേതടക്കം നിരവധി പേരുകള്‍ വേറെയും അന്തരീക്ഷത്തിലുണ്ട്. അപ്രതീക്ഷിത സ്ഥാനാര്‍ത്ഥിയെ യു.ഡി.എഫ് പരീക്ഷിച്ചു കൂടായ്കയില്ലെന്നും പറയുന്നു.

എന്‍.ഡി.എ ഇക്കുറി ഒരു ക്രൈസ്തവ സ്ഥാനാര്‍ത്ഥിയെ പരീക്ഷിക്കുമെന്നാണ് വിവരം. കുട്ടനാട് സ്വദേശിയും യുവമോര്‍ച്ച ദേശീയ സെക്രട്ടറിയുമായ അനൂപ് ആന്റണി സ്ഥാനാര്‍ത്ഥിയാകാനാണ് സാധ്യത. പത്തു വര്‍ഷം ഡല്‍ഹിയില്‍ ബി.ജെ.പി ഓഫീസുമായി ബന്ധപ്പെട്ടു പ്രവര്‍ത്തിച്ച് ദേശീയ നേതാക്കളുടെ അനുഗ്രഹാശിസുകളോടെയാണ് ഇദ്ദേഹം തിരുവല്ലായില്‍ ഇറങ്ങിയിരിക്കുന്നത്. മണ്ഡലത്തിലെ അപരിചിതത്വം മാറ്റുന്നതിന്റെ ഭാഗമായി പഞ്ചായത്തുകള്‍ കേന്ദ്രീകരിച്ച് സന്നദ്ധ സംഘടനയുടെ പേരില്‍ മെഡിക്കല്‍ ക്യാമ്പുകളും സേവന പ്രവര്‍ത്തനങ്ങളും നടത്തുന്ന തിരക്കിലാണദ്ദേഹം.