Skip to main content

വയലിനിസ്റ്റ് ബാലഭാസ്‌കറിന്റെ മരണത്തില്‍ അസ്വാഭാവികത ഇല്ലെന്ന് സി.ബി.ഐ കണ്ടെത്തിയിരുന്നു. അതോടൊപ്പം തന്നെ ബാലഭാസ്‌കറിന്റെ അപകട മരണത്തില്‍ ദുരൂഹത ഉണ്ടെന്ന കലാഭവന്‍ സോബിയുടെ വെളിപ്പെടുത്തല്‍ കളവാണെന്നും ഇത്തരത്തില്‍ തെറ്റിദ്ധരിപ്പിച്ചതിന് കലാഭവന്‍ സോബിയുടെ പേരില്‍ കേസെടുക്കാനും സി.ബി.ഐ തീരുമാനിച്ചു. എന്നാല്‍ ഇപ്പോഴും ബാലഭാസ്‌കറിന്റെ മരണത്തിലെ ദുരൂഹത പൂര്‍ണ്ണമായും മാറിയിട്ടില്ല. ബാലഭാസ്‌കറിന്റെ അപകട മരണത്തിന്റെ ചില കണ്ണികള്‍ എവിടെയും മുട്ടാതെ അവശേഷിക്കുന്നു. 

സോബി പറഞ്ഞത് ഒരുപക്ഷെ കളവായിരിക്കാം എന്നാല്‍ ബാലഭാസ്‌കറിന്റെ മരണവും സ്വര്‍ണ്ണക്കള്ളക്കടത്തും തമ്മില്‍ എവിടെയൊക്കെയോ ചില ബന്ധങ്ങള്‍ ഉണ്ടെന്നുളളത് സാങ്കേതിക തെളിവുകളും ബാലഭാസ്‌കറിന്റെ ഒപ്പം ഉണ്ടായിരുന്ന വ്യക്തികളുടെ പശ്ചാത്തലവുമൊക്കെ സൂചിപ്പിക്കുന്നു. അതുമാത്രമല്ല ബാലഭാസ്‌കറിന്റെ അപകടത്തിന് സാക്ഷ്യം വഹിച്ച കെ.എസ്.ആര്‍.ടി.സി താല്‍ക്കാലിക ഡ്രൈവര്‍ പിന്നീട് യു.എ.ഇ കോണ്‍സുലേറ്റിന്റെ ജീവനക്കാരനാകുന്നു. ഇതിന് ശേഷം യു.എ.ഇ കോണ്‍സുലേറ്റ് ഇന്ത്യയില്‍ നടന്ന ഏറ്റവും വലിയ സ്വര്‍ണ്ണക്കള്ളക്കടത്ത് കേസിലെ നിര്‍ണ്ണായക കേന്ദ്രമായി മാറുന്നു. ഇത്തരത്തിലുള്ള ഒട്ടേറെ കാര്യങ്ങള്‍ ബാലഭാസ്‌കറിന്റെ മരണത്തില്‍ ദുരൂഹതയായി നിലനില്‍ക്കുന്നു എന്നത് വസ്തുതയാണ്.