Skip to main content

കേരളത്തിന്റെ ഏറ്റവും വലിയ സമ്പത്ത് ആയിരുന്നു കേരള മണ്ണിന്റെ ഫലഭൂവിഷ്ടത. ഇതിന്റെ ആധാരം എന്ന് പറയുന്നത് സഹ്യമലനിരകള്‍ തന്നെയാണ്. കേരളത്തിന്റെ ഫലഭൂവിഷ്ടതയെ നശിപ്പിക്കാന്‍ പോന്നതാണ് സമതലപ്രദേശങ്ങളില്‍ ഉള്‍പ്പെടെ വ്യാപിക്കുന്ന റബര്‍ എസ്റ്റേറ്റുകള്‍. പശ്ചിമഘട്ടത്തിലെ മൃഗങ്ങള്‍ക്ക് ജീവിക്കാന്‍ പറ്റാത്ത അവസ്ഥയും എത്തിയിരിക്കുന്നു. പശ്ചിമഘട്ടം കയ്യേറുന്നവരും വന്യമൃഗങ്ങളും തമ്മിലുള്ള സംഘട്ടനം കേരളത്തില്‍ പതിവായിരിക്കുന്നു. ഈ പശ്ചാത്തലത്തില്‍ കേന്ദ്ര ബജറ്റോടു കൂടി ഒരു കാര്യം മനസ്സിലായിരിക്കുന്നു, റബ്ബറിന് ഇനി കേരളത്തില്‍ സ്ഥാനമില്ല. റബ്ബര്‍ എസ്റ്റേറ്റ് നിര്‍മ്മാണത്തോടെ ഫലഭൂവിഷ്ടത നശിച്ച മണ്ണ് അതിന്റെ പൂര്‍വ്വ സ്ഥിതിയില്‍ എത്തുന്നത് സമീപകാലത്തൊന്നും സാധ്യമല്ല. മാത്രവുമല്ല ആ മണ്ണിന്റെയും പ്രദേശത്തിന്റെയും സമഗ്രഘടനയും പോയിരിക്കുന്നു. കൃത്രിമ റബര്‍ ലഭ്യമായിട്ടുള്ള ഈ ഒരു ആഗോള പശ്ചാത്തലത്തില്‍ റബ്ബറിനെ എത്ര തന്നെ താങ്ങി നിര്‍ത്താന്‍ ശ്രമിച്ചാലും റബ്ബര്‍ കൃഷിക്ക് നിലനില്‍പ്പുണ്ടാവില്ല എന്നത് യാഥാര്‍ത്ഥ്യമാണ്. ഇപ്പോള്‍ ടാപ്പിങ്ങിന് പോലും ആളുകളെ കിട്ടുന്നില്ല എന്നതും വസ്തുതയാണ്. 

കേന്ദ്ര ബജറ്റില്‍ റബ്ബറിന്റെ മരണമണി മുഴങ്ങിയിരിക്കുന്നത് കൃത്യമായി കാണാന്‍ കഴിയും. കാരണം ബജറ്റില്‍ വെറും 3 കോടി രൂപ മാത്രമാണ് റബ്ബര്‍ ബോര്‍ഡിന് അനുവദിച്ചിരിക്കുന്നത്. മുന്‍ ബജറ്റില്‍ അനുവദിച്ച 187 കോടിക്കൊപ്പമാണ് ഈ മൂന്ന് കോടി കൂടി കിട്ടുക. സംസ്ഥാന സര്‍ക്കാര്‍ റബ്ബര്‍ കര്‍ഷകരെ കൂടെ നിര്‍ത്താനായി താങ്ങുവില പ്രഖ്യാപിക്കുന്നത് തന്നെ റബ്ബര്‍ മേഖലയുടെ ക്ഷീണാവസ്ഥയെയാണ് സൂചിപ്പിക്കുന്നത്. 1995ല്‍ ഇന്ത്യയില്‍ തന്നെ പ്രചാരമുള്ളതായിരുന്നു മാരുതി 1000 എന്ന് പറയുന്ന കാര്‍. ലക്ഷ്വറി കാറുകളുടെ മുന്‍നിരയില്‍ നില്‍ക്കുന്ന ഒന്നായിരുന്നു അത്. അന്ന് അത് ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ ആളുകള്‍ ബുക്ക് ചെയ്തത് പാലായില്‍ നിന്നായിരുന്നു. എന്തുകൊണ്ട് ഇത്രയും ചെറിയ പ്രദേശത്ത് നിന്ന് വളരെ അധികം ആളുകള്‍ ഈ ലക്ഷ്വറി കാറുകള്‍ സ്വന്തമാക്കിയത് എന്ന് പഠിക്കുന്നതിനായി അധികൃതര്‍ പാലായില്‍ എത്തുന്ന അവസ്ഥ വരെ ഉണ്ടായി. അങ്ങനെ ഒരു അവസ്ഥയില്‍ നിന്നാണ് സ്വന്തമായി എഴുന്നേറ്റ് നില്‍ക്കാന്‍ കഴിയാത്ത അവസ്ഥ റബ്ബറിന് ഉണ്ടായിരിക്കുന്നത്. റബ്ബര്‍ ബോര്‍ഡ് തന്നെ അപ്രത്യക്ഷമായാലും അതിശയിക്കാനില്ലാത്ത ഒരു അവസ്ഥയാണ് ഇപ്പോഴുള്ളത്.