Skip to main content

നിയമസഭാ തിരഞ്ഞെടുപ്പില്‍ ശബരിമല സ്ത്രീ പ്രവേശം പ്രധാന പ്രചാരണ വിഷയമാക്കാന്‍ കോണ്‍ഗ്രസ് തീരുമാനിച്ചപ്പോള്‍ അത് അവഗണിക്കാനാണ് ബി.ജെ.പി.യുടെ ആലോചന. അയ്യപ്പഭക്തരേയും വിശ്വാസികളെയും വെല്ലുവിളിച്ച് സ്ത്രീകളെ എന്തു വില കൊടുത്തും ശബരിമലയില്‍ പ്രവേശിപ്പിക്കുമെന്ന നിലപാടുമായി പോയ പിണറായി സര്‍ക്കാരിനെ നേര്‍ക്കു നിന്നു നേരിട്ട ബി.ജെ.പി, ഇപ്പോള്‍ അത് പ്രചാരണ വിഷയമാക്കുന്നത് ഗുണം ചെയ്യില്ലെന്ന വിലയിരുത്തലിലാണ്. കോണ്‍ഗ്രസ് ഈ വിഷയവുമായി വന്നാല്‍ അവര്‍ അന്ന് ഇക്കാര്യത്തില്‍ സ്വീകരിച്ച തണുപ്പന്‍ സമീപനം ബി.ജെ.പി. തുറന്നുകാട്ടും.

പോലീസ് സന്നാഹത്തോടെ സര്‍ക്കാര്‍ സ്ത്രീകളെ സന്നിധാനത്തിലെത്തിക്കുവാന്‍ ശ്രമിച്ചപ്പോഴെല്ലാം അതിനെ സംഘടനാപരമായും ശാരീരികമായും നേരിട്ടത് തങ്ങളാണെന്ന് സംഘ പരിവാര്‍ പ്രസ്ഥാനങ്ങള്‍ ചൂണ്ടിക്കാട്ടുന്നു. ബി.ജെ.പി.യുടെ ഇന്നത്തെ പ്രസിഡന്റ് കെ.സുരേന്ദ്രന്‍ അടക്കമുള്ളവരെ അറസ്റ്റു ചെയ്യുകയും ഇതിനോട് അനുഭാവം പ്രകടിപ്പിച്ച് പ്രക്ഷോഭം നയിച്ച ടി.പി. സെന്‍കുമാര്‍, ഡോ.കെ.എസ്.രാധാകൃഷ്ണന്‍ തുടങ്ങിയവരുള്‍പ്പടെ നൂറു കണക്കിന് നേതാക്കള്‍ക്കെതിരെ കേരളത്തിലെ വിവിധ പോലീസ് സ്റ്റേഷനുകളില്‍ ആയിരത്തോളം കേസുകള്‍ രജിസ്റ്റര്‍ ചെയ്യുകയും ചെയ്തതും അവര്‍ ചൂണ്ടിക്കാട്ടുന്നു. കേരളമങ്ങോളമിങ്ങോളം സ്ത്രീകളെ അണിനിരത്തി തങ്ങള്‍ പ്രക്ഷോഭം നയിച്ചപ്പോള്‍ പമ്പയില്‍ വന്ന് പോലീസുമായി ഒത്തുതീര്‍പ്പ് സമരം നാടകം നടത്തി മടങ്ങുകയായിരുന്നില്ലേ കോണ്‍ഗ്രസ് എന്നാണ് സംഘ പരിവാര്‍ ഉന്നയിക്കുന്ന ചോദ്യം. അന്ന് ആത്മാര്‍ത്ഥത തെളിയിക്കാത്തവര്‍ ഇപ്പോള്‍ ശബരിമലയോടു കാണിക്കുന്ന താല്‍പര്യത്തിലെ പൊള്ളത്തരം തുറന്നുകാട്ടുകയും രണ്ടു മുന്നണികളും നടത്തിയ അഴിമതികള്‍ പ്രധാന അജണ്ടയാക്കുകയുമാണ് ബി.ജെ.പി. ലക്ഷ്യമിടുന്നത്.

യു.ഡി.എഫ്. സര്‍ക്കാരില്‍ സരിത വിവാദമെങ്കില്‍ എല്‍.ഡി.എഫ് സര്‍ക്കാരില്‍ സ്വപ്നയുടെ തേര്‍വാഴ്ച. പിണറായിസര്‍ക്കാര്‍ രാജ്യ സുരക്ഷക്കും ഭീഷണി ഉയര്‍ത്തിയെന്ന ആക്ഷേപമുയര്‍ത്തി സ്വര്‍ണ്ണക്കടത്ത്, മയക്കുമരുന്ന് വ്യാപാരം തുടങ്ങി പാര്‍ട്ടി നേതാക്കളുടെ വഴിവിട്ട ഇടപാടുകള്‍ വരെ തുറന്നു പറയുന്ന പ്രചാരണ തന്ത്രമാണ് ബി.ജെ.പി. ആവിഷ്‌ക്കരിക്കുന്നത്. 

തലസ്ഥാനത്ത് എത്തിയ പാര്‍ട്ടി അഖിലേന്ത്യാ അധ്യക്ഷന്‍ ജെ.പി. നഡ്ഡ എറണാകുളത്തും തൃശൂരും പാര്‍ട്ടി പ്രവര്‍ത്തകരുടെ യോഗങ്ങളില്‍ സംബന്ധിക്കുന്നുണ്ട്. തൃശൂരില്‍ സംഘ പരിവാര്‍ സംഘടനാ നേതാക്കളുമായി അദ്ദേഹം ആശയ വിനിമയം നടത്തും. തിരുവനന്തപുരത്തും തൃശൂരും പൗര പ്രമുഖരെയും കാണും. അതിനു ശേഷമായിരിക്കും കേരളത്തിലെ തിരഞ്ഞെടുപ്പ് കാര്യങ്ങളില്‍ വ്യക്തമായ നിലപാട് സ്വീകരിക്കുക.