Skip to main content

വളരെ യാഥാര്‍ത്ഥ്യബോധത്തോട് കൂടി എന്നാല്‍ അഭിസംബോധന ചെയ്യേണ്ട വിഷയങ്ങളെ അഭിസംബോധന ചെയ്ത് കൊണ്ടുള്ള ശമ്പള കമ്മീഷന്‍ ശുപാര്‍ശയാണ് സംസ്ഥാന സര്‍ക്കാരില്‍ സമര്‍പ്പിക്കപ്പെട്ടിട്ടുള്ളത്. ശമ്പള കമ്മീഷന്‍ ശുപാര്‍ശയിലെ ഒരു പ്രധാനപ്പെട്ട ശുപാര്‍ശയായിരുന്നു വിരമിക്കല്‍ പ്രായം 56 വയസ്സ് എന്നുള്ളത് 57 വയസ്സ് ആക്കണമെന്നത്. എന്നാല്‍ അത് അംഗീകരിക്കില്ലെന്ന് ധനമന്ത്രി പ്രഖ്യാപിച്ചിരിക്കുന്നു. സാധാരണ ശമ്പള കമ്മീഷന്‍ ശുപാര്‍ശകള്‍ മന്ത്രിസഭ ഉപസമിധി പഠിച്ചതിന് ശേഷമാണ് തീരുമാനം പ്രഖ്യാപിക്കുന്നത്. നിയമസഭാ തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം വരുന്നതിന് മുമ്പ് നടപ്പാക്കേണ്ടതിനാല്‍ അടുത്ത മന്ത്രിസഭയ്ക്ക് മുമ്പ് തീരുമാനം എടുക്കുമെന്നാണ് ധനമന്ത്രി തോമസ് ഐസക് പറഞ്ഞത്. 

എന്നാല്‍ ഇക്കാര്യത്തില്‍ പാലിക്കേണ്ട മര്യാദ ഡോ.തോമസ് ഐസക്കിന് പാലിക്കാന്‍ കഴിയാതെ പോയി. വിരമിക്കല്‍ നീക്കി വയ്ക്കുന്നതിനുള്ള ശുപാര്‍ശ അംഗീകരിക്കില്ല എന്ന് മന്ത്രി സ്വന്തം നിലയില്‍ തന്നെ തീര്‍ത്ത് പറഞ്ഞിരിക്കുന്നു. സാമ്പത്തിക ശാസ്ത്രജ്ഞന്‍ എന്ന് പേര് കേട്ട തോമസ് ഐസകിന്റെ പല നടപടികളും പലപ്പോഴും ഒരു സാധാരണ രാഷ്ട്രീയക്കാരന്റെ തീരുമാനങ്ങളുടെ തലത്തിലേക്ക് വരുന്നു എന്നത് വളരെ ഖേദകരമായ ഒരു കാര്യമാണ്. വിരമിക്കല്‍ നീട്ടി വെക്കില്ല എന്ന് അദ്ദേഹം പറഞ്ഞിരിക്കുന്നതിന്റെ കാരണം അദ്ദേഹത്തിന്റെ ബോധ്യത്തിന്റെ അടിസ്ഥാനത്തില്‍ അല്ല.

ഇതിലൂടെ വര്‍ഷം 5265.97 കോടി രൂപ ലാഭിക്കാം. സ്ഥിരംനിയമനം ലഭിച്ചയാള്‍ക്ക് പ്രൊബേഷന്‍ കാലയളവ് പൂര്‍ത്തിയാകുംവരെ ശമ്പളത്തിന്റെ 75 ശതമാനം നല്‍കിയാല്‍ മതി. അവധി ആനുകൂല്യം നിലനിര്‍ത്തണമെന്നും ചിലവ് ചുരുക്കുന്നതിനെ പറ്റി പഠിക്കാന്‍ സര്‍ക്കാര്‍ നിയമിച്ച ഇടക്കാല റിപ്പോര്‍ട്ടില്‍ പറയുന്നു. കൊവിഡിന്റെ ഈ സാഹചര്യത്തില്‍ സമ്പദ് വ്യവസ്ഥക്ക് ആശ്വാസകരമായ ഒരു കാര്യമാണ് ഇത്. അതോടൊപ്പം തന്നെ അനുഭവസമ്പന്നരായ ഉദ്യോഗസ്ഥരുടെ സേവനം കുറച്ചു നാളുകള്‍ കൂടി ഉപയോഗിക്കുവാന്‍ കഴിയുകയും ചെയ്യും. എന്നാല്‍ മന്ത്രിസഭ അത് പരിഗണിക്കുന്നതിന് മുമ്പ് തന്നെ തോമസ് ഐസക് ഇത്തരത്തിലൊരു പ്രഖ്യാപനം നടത്തിയത് തിരഞ്ഞെടുപ്പ് മുന്നില്‍ കണ്ടുകൊണ്ട് മാത്രമാണ്. ഇവിടെ ശാസ്ത്രവും പ്രയോഗവും തമ്മിലുള്ള അന്തരമാണ് സാമ്പത്തിക ശാസ്ത്രജ്ഞനായ മന്ത്രിയുടെ പ്രഖ്യാപനത്തിലൂടെ പ്രകടമായിരിക്കുന്നത്.