Skip to main content

രാജ്യത്ത് കൊവിഡ് സ്ഥിരീകരിച്ചിട്ട് ഇന്ന് ഒരു വര്‍ഷം തികഞ്ഞു. 2020 ജനുവരി 30 ന് കേരളത്തിലാണ് രാജ്യത്താദ്യമായി കൊവിഡ് 19 റിപ്പോര്‍ട്ട് ചെയ്തത്. വുഹാനിലെ മെഡിക്കല്‍ വിദ്യാര്‍ത്ഥിയായിരുന്ന തൃശ്ശൂര്‍ സ്വദേശിക്കാണ് ആദ്യമായി രോഗം ബാധിച്ചത്. തുടര്‍ന്ന് വുഹാനില്‍ നിന്നെത്തിയ രണ്ട് പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. അതിന് ശേഷം മാര്‍ച്ചില്‍ ഇറ്റലിയില്‍ നിന്നെത്തിയ റാന്നി സ്വദേശികള്‍ക്ക് രോഗം സ്ഥിരീകരിച്ചു. പിന്നെ കേരളം കൊവിഡ് പിടിയിലേക്ക് വീഴുന്ന കാഴ്ചയാണ് നാം കണ്ടത്. എന്നാല്‍ ലോകത്തെ തന്നെ വിറപ്പിച്ച മഹാമാരിയെ ഫലപ്രദമായി നേരിടാന്‍ കേരള സര്‍ക്കാരിനും ജനങ്ങള്‍ക്കും കഴിഞ്ഞു. 

ലോക്ക്ഡൗണ്‍, ക്വാറന്റൈന്‍, റിവേഴ്‌സ് ക്വാറന്റൈന്‍, മാസ്‌ക്, ശാരീരിക അകലം എന്നിവ കൃത്യമായി പാലിച്ച് കൊവിഡിനെ പിടിച്ചു നിര്‍ത്തിയ കേരള മോഡലിന് ആഗോളതലത്തില്‍ വരെ പ്രശംസ ലഭിച്ചു. ഇളവുകള്‍ വന്നതോടെ മെയ് മുതല്‍ വിദേശത്ത് നിന്ന് ആളുകള്‍ എത്തിയിട്ടും കൊവിഡിനെ പിടിച്ചുനിര്‍ത്താന്‍ കേരളത്തിന് കഴിഞ്ഞു. എന്നാല്‍ ഒക്ടോബര്‍ മുതല്‍ മറ്റ് സംസ്ഥാനങ്ങളിലും രാജ്യത്തും രോഗവ്യാപനം വരുതിയിലേക്കായെങ്കിലും കേരളത്തില്‍ ആശങ്കയൊഴിയുന്നില്ല. നിലവില്‍ ഏറ്റവും അധികം രോഗികളും ഏറ്റവും ഉയര്‍ന്ന പ്രതിദിന രോഗികളും ടെസ്റ്റ് പൊസിറ്റീവിറ്റി നിരക്കും കേരളത്തിലാണ്. മരണ നിരക്ക് 0.4 ശതമാനത്തില്‍ നിര്‍ത്താനായി എന്നത് ആശ്വാസം നല്‍കുന്ന കാര്യം തന്നെയാണ്.